Links

കൊച്ചി മെട്രോയും പരിയാരം കോളേജും

പിടിച്ചതിനേക്കാളും വലുത് മാളത്തില്‍ എന്നു പറഞ്ഞത് പോലെയാണ് കൊച്ചി മെട്രോ നിര്‍മ്മിക്കാന്‍ ഡല്‍ഹിയില്‍ പോയപ്പോഴത്തെ അവസ്ഥ. അവിടെ DMRCക്ക് പിടിപ്പത് പണിയുണ്ട്. ഡല്‍ഹി മെട്രോയുടെ തേര്‍ഡ് ഫേസും ഫോര്‍ത്ത് ഫേസും ആയി 400 കിലോമീറ്ററുകള്‍ 2021ഓടെ പണി പൂര്‍ത്തിയാക്കണം. ഇപ്പോള്‍ പൂര്‍ത്തിയാക്കിയ രണ്ട് ഘട്ടങ്ങളുടെ മെയിന്റനന്‍സും ചെയ്യണം. അത് കൂടാതെ ഡല്‍ഹി വിമാനത്താവള എക്സ്പ്രസ്സ് ലൈന്‍ , നിര്‍മ്മാണത്തിലെ പിഴവുകള്‍ നിമിത്തം അടഞ്ഞുകിടക്കുകയാണ്. ഇതിനൊക്കെ പുറമെ ഇപ്പോള്‍ DMRC ഏറ്റെടുത്ത കണ്‍സല്‍ട്ടന്‍സി പണികളുമുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ DMRCക്ക് നിന്ന് തിരിയാന്‍ നേരമില്ല. കൊച്ചി മെട്രോയുടെ നിര്‍മ്മാണച്ചുമതല കൂടി ഏറ്റെടുത്താല്‍ ഡല്‍ഹിയിലെ ജോലികള്‍ അവതാളത്തിലാകും. അത്കൊണ്ടാണ് പുറം പണികള്‍ DMRC ഏറ്റെടുക്കണമെങ്കില്‍ അതിന്റെ ബോര്‍ഡിന്റെ അനുമതി വേണം എന്ന് അവര്‍ തീരുമാനിച്ചത്. ഇതൊന്നും ബഹുമാനപ്പെട്ട ഇ.ശ്രീധരന്‍ മനസ്സിലാക്കിയിട്ടില്ല. 

ഇക്കാര്യത്തില്‍ സി.പി.എമ്മും എന്‍.കെ.പ്രേമചന്ദ്രനും നല്ല കുളം കലക്കലാണ് ചെയ്യുന്നത്. എങ്ങനെ കൊച്ചി മെട്രോ യാഥാര്‍ഥ്യമാക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പരക്കം പായുമ്പോഴും DMRC അതിന്റെ നിസ്സഹായാവസ്ഥ പ്രകടിപ്പിക്കുമ്പോഴും സി.പി.എമ്മും പ്രേമചന്ദ്രനും പറയുന്നത്, കൊച്ചി മെട്രോ DMRCയെയും ശ്രീധരനെയും ഏല്‍പ്പിക്കുന്നത് തടയാന്‍ ഉമ്മന്‍ ചാണ്ടിയും സര്‍ക്കാരും ഷീല ദീക്ഷിതും കമല്‍ നാഥും തൊട്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് വരെ ഗൂഢാലോചന നടത്തുന്നു എന്നാണ്. കോടികള്‍ തട്ടാന്‍ വേണ്ടിയാണ് പോലും ഈ ഗൂഢാലോചന. DMRCയും ശ്രീധരനും ഇല്ലാതെ കൊച്ചി മെട്രോ പാടില്ല എന്നാണ് ഇടത്പക്ഷത്തിന്റെ പ്രഖ്യാപിത നിലപാട്. ഉമ്മന്‍ ചാണ്ടിക്കാണെങ്കില്‍ ഇടത് പക്ഷത്തിനെ ധിക്കരിക്കാനുള്ള നട്ടെല്ലുമില്ല. പിണറായി സഖാവ് ക്ഷോഭിക്കുമോ എന്നാണ് അദ്ദേഹത്തിന്റെ ഉള്‍ഭയം. ഒന്നുമില്ലെങ്കില്‍ അടുത്ത പ്രാവശ്യം ഭരണം വെച്ചുമാറേണ്ടതല്ലേ. 

ഒന്നും ഉണ്ടാക്കാന്‍ സി.പി.എമ്മുകാര്‍ സമ്മതിക്കുകയില്ല. ആരെങ്കിലും ഉണ്ടാക്കിയത് മസ്സില്‍ പവ്വര്‍ ഉപയോഗിച്ച് പിടിച്ചെടുത്ത് പാര്‍ട്ടിയെ വളര്‍ത്താന്‍ ഉപയോഗിക്കുകയേയുള്ളൂ. പരിയാരം മെഡിക്കല്‍ കോളേജ് കാണുന്നില്ലേ? അത് ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്ത് ചണ്ടിയാക്കി, ആയിരം പാര്‍ട്ടിക്കാരെ നിയമിച്ച്, 500 കോടി കടവുമാക്കി ഇപ്പോള്‍ സര്‍ക്കാരിനെ ഏല്പിക്കാന്‍ വേണ്ടി സഹകരണമന്ത്രി സി.എന്‍.ബാലകൃഷ്ണന്റെ പിന്നാലെ കൂടുകയാണ്. ആ 500 കോടി കൊണ്ട് സര്‍ക്കാരിന് വേറെ രണ്ട് മെഡിക്കല്‍ കോളേജ് തുടങ്ങാം. പരിയാരം കോളേജ് സഹകരണ മേഖലയില്‍ നിന്ന് മാറ്റി സി.പി.എമ്മിന്റെ സ്വകാര്യ ട്രസ്റ്റിനെ ഏല്‍പ്പിക്കുകയാണ് ശരിക്കും ചെയ്യേണ്ടത്. അവര്‍ക്കാണെങ്കില്‍ 500കോടി ഒരു പ്രശ്നമേയല്ല. 

കൊച്ചി മെട്രോ നിര്‍മ്മിക്കാന്‍ കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് കൊച്ചി മെട്രോ റയില്‍ ലിമിറ്റഡ് (KMRL) എന്നൊരു കമ്പനി രൂപീകരിച്ചിട്ടുണ്ട്. ബാംഗ്ലൂര്‍ , ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, മുംബൈ, തുടങ്ങിയ മെട്രോകള്‍ നിര്‍മ്മിക്കുന്നത് DMRC അല്ല. അതാത് സംസ്ഥാ‍നങ്ങളില്‍ രൂപീകരിക്കപ്പെട്ട റയില്‍ കമ്പനികളാണ്. കേരളത്തിനും മനസ്സ് വെച്ചാല്‍ കൊച്ചി മെട്രോ നിര്‍മ്മാണം KMRL നെ കൊണ്ട് നടത്തിക്കാന്‍ കഴിയും. അതിന് പക്ഷെ സി.പി.എമ്മിന്റെ സമ്മതവും മുഖ്യമന്ത്രിക്ക് നട്ടെല്ലും വേണം. ഇത് രണ്ടും സംശയമാണ്. സി.പി.എമ്മിനെ സംബന്ധിച്ച് ഇത് ഭരണം തിരിച്ചു പിടിക്കാനുള്ള ആയുധമാണ്. കുടുംബശ്രീ സമരവും മനുഷ്യമെട്രോ സംരംഭവും സംസ്ഥാനത്ത് സി.പി.എമ്മിന്റെ ജനപ്രീതി കുത്തനെ കൂട്ടിയിട്ടുണ്ട് എന്നാണ് പൊതുവെ വിലയിരുത്തല്‍. 

ചുരുക്കി പറഞ്ഞാല്‍, കൊച്ചി മെട്രോ യാഥാര്‍ഥ്യമാകണമെങ്കിലും പിന്നീട് അതിന്റെ അറ്റകുറ്റപ്പണികള്‍ യഥാസമയം നടക്കണമെങ്കിലും KMRL കമ്പനിയെ അതിന് സജ്ജമാക്കുകയാണ് വേണ്ടത്. അല്ലാതെ വെറുതെ എന്തിനാണ് ഒരു കടലാസ് കമ്പനി. ഇപ്പറഞ്ഞത് നടക്കണമെങ്കില്‍ സി.പി.എമ്മിന്റെയും പ്രേമചന്ദ്രന്റെയും വിടുവായത്തം അവഗണിക്കാനുള്ള ചങ്കൂറ്റം കേരള മന്ത്രിസഭയിലെ ആര്‍ക്കെങ്കിലും ഉണ്ടാകണം.

യു.പി.എ. സര്‍ക്കാര്‍ മുന്നോട്ട് !

ഇത്തവണത്തെ മന്ത്രിസഭാ പുന:സംഘടനയോടെ 2014ല്‍ നടക്കാന്‍ പോകുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശക്തമായ മുന്നൊരുക്കം നടത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്സ്. ശല്യക്കാരായ തൃണമൂല്‍ കോണ്‍ഗ്രസ്സ് ഒഴിഞ്ഞുപോയി. ഡി.എം.കെ. സ്വയം ഒതുങ്ങി. ഇടത്പക്ഷക്കാരാണെങ്കില്‍ ഞങ്ങള്‍ക്ക് ഒന്നും കഴിയില്ല എന്ന് പരാജയം മുന്‍‌കൂട്ടി സമ്മതിച്ചു. ബി.ജെ.പി.ആണെങ്കില്‍ വീണിതല്ലൊ കിടക്കുന്നു ധരണിയില്‍ എന്ന മട്ടില്‍ ഒരു പോരാട്ടത്തിന് പോലും കോപ്പ് കൂട്ടാന്‍ കഴിയാത്ത പരുവത്തിലും. അഴിമതിവിരുദ്ധത്തിന്റെ അപ്പോസ്തലന്മാരായ പാര്‍ട്ടിയുടെ അദ്ധ്യക്ഷന്റെ കമ്പനിയില്‍ ബിനാമി ഡയരക്ടര്‍മാര്‍. അങ്ങനെ നോക്കുമ്പോള്‍ വരുന്ന തെരഞ്ഞെടുപ്പില്‍ യു.പി.എ.യെ നേരിടാന്‍ തക്ക ശക്തമായ ഒരു മുന്നണിയോ പാര്‍ട്ടിയോ രംഗത്ത് ഇല്ല എന്നു പറയാം. 

എന്ത്കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? കോണ്‍ഗ്രസ്സ് വിരുദ്ധം എന്ന ഒറ്റ തുറുപ്പ് ശീട്ട് മാത്രമാണ് ഇന്ത്യയിലെ സകല കോണ്‍ഗ്രസ്സ് വിരുദ്ധ പാര്‍ട്ടികള്‍ക്കും ഉള്ളത്. വേറെ നയങ്ങളോ പരിപാടികളോ ഒന്നും ഇല്ല. കോണ്‍ഗ്രസ്സിനെ കുറ്റം പറഞ്ഞ് ജനങ്ങളെ തെറ്റ്ദ്ധരിപ്പിച്ചും കബളിപ്പിച്ചും കാലാകാലം പാര്‍ട്ടിയെ കൊണ്ടുനടക്കാം എന്നാണ് കോണ്‍ഗ്രസ്സിതരര്‍ വിചാരിക്കുന്നത്.  വായ തുറന്നാല്‍ കോണ്‍ഗ്രസ്സ് വിരുദ്ധം പറയാനല്ലാതെ സ്വന്തമായ ഒരു ആദര്‍ശമോ ആശയമോ പോസിറ്റീവായി ജനങ്ങളോട് പറയാന്‍ മറ്റ് പാര്‍ട്ടികളുടെ നേതാക്കള്‍ക്കോ അണികള്‍ക്കോ ഇല്ല. ഏതെങ്കിലും ഒരു കോണ്‍ഗ്രസ്സ് വിരുദ്ധ നേതാവിന്റെ പ്രസംഗം കേട്ടുനോക്കൂ. കോണ്‍ഗ്രസ്സിനെ കുറ്റം പറയാനല്ലാതെ, വാ കൂട്ടരെ നമുക്ക് ഇപ്രകാരം ഒരു ആദര്‍ശരാഷ്ട്രീയത്തെ അടിസ്ഥാനമാക്കി നല്ലൊരു പ്രസ്ഥാനം കെട്ടിപ്പടുക്കാം എന്നൊരുത്തനും പ്രസംഗിക്കുന്നില്ല. അണികളുടെ തലച്ചോറില്‍ വെറുപ്പിന്റെ വിഷം കുത്തിവെക്കാന്‍ മാത്രമാണ് നേതാക്കള്‍ പ്രസംഗം എന്ന കലയെ ദുരുപയോഗം ചെയ്യുന്നത്. പ്രസംഗം കേട്ടു പോകുന്ന അണികളുടെ മനസ്സില്‍ വിദ്വേഷമല്ലാതെ പോസിറ്റീവായ മറ്റൊരു ചിന്തയുമുണ്ടാകില്ല. 

ഫേസ്‌ബുക്കിലെയും അത് പോലെ മറ്റ് സോഷ്യല്‍ കമ്മ്യൂണിറ്റികളിലെയും കോണ്‍ഗ്രസ്സ് വിരുദ്ധര്‍ക്കും കോണ്‍ഗ്രസ്സിനെ തെറി പറയാനും പരിഹസിക്കാനും അല്ലാതെ സ്വന്തം പാര്‍ട്ടിയുടെ നല്ല വശങ്ങളോ തത്വങ്ങളോ നയങ്ങളോ ഒന്നും പറയാനില്ല. ആ രീതിയില്‍ മസ്തിഷ്കപ്രക്ഷാളനം ചെയ്യപ്പെട്ടത്കൊണ്ടാണത്. അഴിമതി,വിലക്കയറ്റം, ജനദ്രോഹനയങ്ങള്‍ എന്നൊക്കെ പറഞ്ഞ് പ്രശ്നങ്ങളെ പര്‍വ്വതീകരിച്ചും അതിശയോക്തി കലര്‍ത്തിയും ദുഷ്പ്രചരണം നടത്തുന്നവര്‍ക്ക് ബദല്‍ നയങ്ങള്‍ ഒന്നും പറയാനില്ല. കോണ്‍ഗ്രസ്സിന് പകരം ബി.ജെ.പി.യുടെ നേതൃത്വത്തില്‍ എന്‍.ഡി.ഏ. ഇന്ത്യ ഭരിച്ചല്ലൊ, അപ്പോള്‍ എന്ത് മഹത്തായ കാ‍ര്യമാണ് അവര്‍ ഇവിടെ ചെയ്തത്. അവര്‍ തന്നെ കുറ്റം പറഞ്ഞുകൊണ്ടിരുന്ന കോണ്‍ഗ്രസ്സിന്റെ നയങ്ങള്‍ പൂര്‍വ്വാധികം ശക്തിയോടെ നടപ്പാക്കുകയല്ലേ അവര്‍ ചെയ്തത്? 

ഇപ്പോള്‍ കോണ്‍ഗ്രസ്സിനെ കുറ്റം പറയുന്നവര്‍ക്ക് 2014ലെ തെരഞ്ഞെടുപ്പില്‍ യു.പി.എ.ക്ക് ബദലായ ഒരു പരിപാടിയും നയവുമായി മത്സരിക്കാന്‍ ഏത് പാര്‍ട്ടിയെയോ മുന്നണിയെയോ ആണ് ചൂണ്ടിക്കാട്ടാന്‍ കഴിയുക? ഇതൊന്നും കോണ്‍ഗ്രസ്സിന്റെ വക്കാ‍ലത്ത് സ്വീകരിച്ച് ഞാന്‍ പറയുന്നതല്ല. സംഘടനാപരമായ കാര്യങ്ങളില്‍ എനിക്ക് കോണ്‍ഗ്രസ്സിനോട് തീരെ യോജിപ്പില്ല. പക്ഷെ യോജിക്കാന്‍ വേറെ ഒരു പാര്‍ട്ടി ഇന്ത്യയില്‍ ഇല്ലാത്ത കാലത്തോളം എനിക്ക് കോണ്‍ഗ്രസ്സിന്റെ മഹത്വം പറയേണ്ടതുണ്ട്. എന്തെന്നാല്‍ ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ രാജ്യത്ത് സര്‍ക്കാരിന് നേതൃത്വം നല്‍കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ വേണം. അല്ലെങ്കില്‍ അരാജകത്വം ആയിരിക്കും ഫലം. കോണ്‍ഗ്രസ്സിനെ എതിര്‍ത്ത് വോട്ട് ചെയ്ത്, അനേകമനേകം വൈരുധ്യങ്ങള്‍ നിലനില്‍ക്കുന്ന ഈ മഹാരാജ്യത്തെ ബി.ജെ.പി.എന്ന ഹിന്ദുമതാനുകൂല പാര്‍ട്ടിയുടെയോ, സര്‍വ്വാധിപത്യപാര്‍ട്ടികളായ ഇടത്പക്ഷങ്ങളുടെയോ, പ്രാദേശികപാര്‍ട്ടികളുടെ അവിയല്‍ മുന്നണിയുടെയോ കൈകളില്‍ എറിഞ്ഞുകൊടുക്കാന്‍ എന്നിലെ രാജ്യസ്നേഹം എന്നെ അനുവദിക്കുന്നില്ല.

സമകാലിക ഇന്ത്യന്‍ രാഷ്ട്രീയം നിഷ്പക്ഷമായും ഉത്തരവാദിത്വബോധത്തോടെയും വിശകലനം ചെയ്യുമ്പോള്‍ എനിക്ക് കോണ്‍ഗ്രസ്സിനെ മാത്രമേ പിന്തുണയ്ക്കാന്‍ കഴിയൂ. എന്തെന്നാല്‍ 2014ല്‍ കോണ്‍ഗ്രസ്സിന് ബദലായി പരിശുദ്ധമായ മറ്റൊരു മുന്നണിയോ പാര്‍ട്ടിയോ അന്ന് ഇന്ത്യയില്‍ ഉയര്‍ന്നു വരാനില്ല. എന്തൊക്കെയാണോ ഇന്ന് കോണ്‍ഗ്രസ്സിനെതിരെ പറയുന്നത് അതൊക്കെയാണ് പകരം വരുന്നവരും ചെയ്യുക. വേറെ എന്താണ് ചെയ്യാന്‍ കഴിയുക? അത്കൊണ്ട്, ഇന്ത്യയില്‍ ജനാധിപത്യവും മതേതരത്വവും രാജ്യത്തിന്റെ അഖണ്ഡതയും നിലനിര്‍ത്താന്‍, നമുക്ക് സ്വാതന്ത്ര്യം നേടിത്തന്ന കോണ്‍ഗ്രസ്സ് എന്ന ആ മഹാപ്രസ്ഥാനത്തിന് മാത്രമേ കഴിയൂ എന്ന് മാത്രമേ എത്ര ചിന്തിച്ചിട്ടും എനിക്ക് ബോധ്യമാകുന്നുള്ളൂ. പകരം വയ്ക്കാന്‍ മറ്റൊരു പാര്‍ട്ടിയെ ഞാന്‍ കാണുന്നില്ല. അത്കൊണ്ട് വെറുതെ അര്‍ത്ഥമില്ലാതെ കോണ്‍ഗ്രസ്സിനെ കുറ്റം പറയാതെ സ്വന്തം ആ‍ശയങ്ങളും നയപരിപാടികളും അങ്ങനെയൊന്നുണ്ടെങ്കില്‍ അത് ജനങ്ങളോട് പറയാന്‍ കോണ്‍ഗ്രസ്സ് വിരുദ്ധരോട് ഞാന്‍ ആഹ്വാനം ചെയ്യുന്നു. അപ്പോള്‍ ജനങ്ങള്‍ക്ക് ഒരു താരതമ്യത്തിന് അവസരം ലഭിക്കുമല്ലോ!



അങ്ങനെ കൊച്ചി മെട്രോ ഒരു വഴിക്കാകുന്നു....


കൊച്ചി മെട്രോ അടുത്തകാലത്തൊന്നും നടക്കാന്‍ പോകുന്നില്ല എന്ന് അങ്ങനെ ഏതാണ്ട് ഉറപ്പായി. അതിന്റെ രാഷ്ട്രീയസാധ്യത തിരിച്ചറിഞ്ഞാണ് സി.പി.എം. തിടുക്കത്തില്‍ ഒരു മനുഷ്യമെട്രോ പടുത്തുയര്‍ത്തിയത്. മനുഷ്യരെ ചേര്‍ത്ത് ചങ്ങല മുതല്‍ മെട്രോ വരെ പണിതുയര്‍ത്താനുള്ള സി.പി.എമ്മിന്റെ സംഘാടനപാടവം അങ്ങേയറ്റം പ്രശംസനീയമാണ്. എന്തായാലും മനുഷ്യമെട്രോ യാഥാര്‍ഥ്യമായ സ്ഥിതിക്ക് ഇനി കൊച്ചി മെട്രോ വന്നില്ലെങ്കിലും പ്രശ്നമൊന്നുമില്ല. മലയാളിക്ക് എന്നും വേണ്ടത് വിവാദങ്ങളാണ്. കൊച്ചി മെട്രോയുടെ പേരില്‍ ഇനി മലയാളികള്‍ക്ക് വിവാദിച്ച് കളിക്കാം. കളിയുടെ ഒടുവില്‍ അടുത്ത അസംബ്ലി തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് അനായാസം ജയിച്ചു കയറുകയും ചെയ്യാം. അത് വരെ സി.പി.എമ്മിന് കൊച്ചി മെട്രോ മുന്‍ നിര്‍ത്തി വില്ലേജ് ആഫീസ് മുതല്‍ സെക്രട്ടരിയേറ്റ് വരെ വളഞ്ഞും കൈയിലെടുത്ത് അമ്മാനമാടിയും അണികളുടെ ആവേശം അണയാതെ ജ്വലിപ്പിച്ച് നിര്‍ത്താം. കോണ്‍ഗ്രസ്സുകാര്‍ക്ക് പുന:സംഘടിച്ചും പ്രധാനമന്ത്രിക്ക് കത്തെഴുതിയും കാലം കഴിക്കാം. അങ്ങനെ എല്ലാവര്‍ക്കും സന്തോഷം. നിലയ്ക്കാത്ത വിവാ‍ദങ്ങള്‍ക്ക് സ്കോപ്പ് ഉണ്ടാവുക എന്നത് മലയാളികളെ സംബന്ധിച്ച് കോരിത്തരിപ്പ് ഉളവാക്കുന്ന കാര്യമാണ്. അതിന് വേണ്ടത് ഒന്നും നടക്കരുത്. അന്തരീക്ഷത്തില്‍ ഒട്ടനവധി സ്വപ്നപദ്ധതികള്‍ പാറിക്കളിക്കുകയും വേണം.

കൊച്ചി മെട്രോ നിര്‍മ്മിക്കാന്‍ കേരളത്തിലും ഒരു ബോര്‍ഡ് ഉണ്ടാക്കിയിട്ടുണ്ട്. അതിന്റെ പേര്  KMRL എന്നും  KMRC എന്നും പറഞ്ഞുകേള്‍ക്കുന്നുണ്ട്. സൂക്ഷ്മം എനിക്കറിയില്ല. ഒന്ന് മാത്രം അറിയാം, അത് ഒരു കടലാസ് കമ്പനിക്കപ്പുറം ഒന്നും ആകരുത് എന്ന് ഇവിടത്തെ സകല രാഷ്ട്രീയക്കാര്‍ക്കും നിര്‍ബ്ബന്ധമുണ്ട്. ബാംഗ്ലൂരിലും ചെന്നൈയിലും മെട്രോ നിര്‍മ്മിക്കാന്‍ ഇതേ പോലെ അവിടെയും കമ്പനികള്‍ രൂപീകരിച്ചിട്ടുണ്ട്. അവരെയും സാങ്കേതികമായി സഹായിക്കുന്നത് ഡല്‍ഹി മെട്രോ തന്നെയാണ്. എന്നാല്‍ അവിടെയൊക്കെ മെട്രോ പദ്ധതി കുറച്ചു ഭാഗം പൂര്‍ത്തിയാകുമ്പോഴേക്കും ആ കമ്പനികള്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പര്യാപ്തമായി. കൊച്ചി മെട്രോ ഞങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറെന്നാണ് ബംഗ്ലൂരു മെട്രോ ബോര്‍ഡ് ഇപ്പോള്‍ പറയുന്നത്.

പ്രതിപക്ഷം ഒരുക്കിയ ചതിക്കുഴിയില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ശരിക്കും വീണിരിക്കുകയാണ്. ആ കുഴിയില്‍ നിന്ന് കര കയറാന്‍ സര്‍ക്കാരിന് കഴിയുമോ എന്ന് നിശ്ചയമില്ല. കൊച്ചി മെട്രോ DMRC യെയും ഇ.ശ്രീധരനെയും മാത്രമേ ഏല്‍പ്പിക്കാവൂ എന്നും ഇപ്പോള്‍ 5000 കോടിയില്‍ അധികവും ഭാവിയില്‍ പത്തോ പതിനയ്യായിരം കോടിയില്‍ അധികമോ ആകാവുന്ന ഈ പദ്ധതി ഒരു കാരണവശാലും ആഗോള ടെണ്ടര്‍ വിളിച്ച് വിദേശിയോ സ്വദേശിയോ ആയ മറ്റൊരു കമ്പനിയെയും ഏല്‍പ്പിക്കാന്‍ പാടില്ല എന്നുമാണ് സര്‍ക്കാരിന് എല്‍.ഡി.എഫ്. ഉത്തരവ് നല്‍കിയിരിക്കുന്നത്. സര്‍ക്കാരും ആ ഉത്തരവ് ശിരസ്സാവഹിച്ചിട്ടുണ്ട്. ഇത്രയും ബൃഹത്തായ ഒരു പദ്ധതിക്ക് ടെണ്ടര്‍ വിളിക്കാന്‍ പാടില്ല എന്ന കാര്യത്തില്‍ സര്‍ക്കാരും പ്രതിപക്ഷവും ഒന്നിക്കാന്‍ കാരണം ടെണ്ടര്‍ വിളിച്ചാല്‍ കമ്മീഷന്‍ കിട്ടിപ്പോകും എന്നതാണത്രെ. കമ്മീഷന്‍ ഇത്ര മോശം ഏര്‍പ്പാടാണോ? എന്നാല്‍ എന്ത്കൊണ്ടാണ് നാട്ടില്‍ സകല ഇടപാടുകളിലും കമ്മീഷന്‍ സാര്‍വ്വത്രികമായത്. പണ്ട് ഗൌരിയമ്മ ഇടത്പ്ക്ഷത്തിന്റെ വ്യവസായമന്ത്രി ആയിരുന്നപ്പോള്‍ അവര്‍ പറഞ്ഞിട്ടുണ്ട് ഏത് ഇടപാടിലാണ് കമ്മീഷന്‍ ഇല്ലാത്തത് എന്ന്.

DMRCയെയും ഇ.ശ്രീധരനെയും മാത്രമേ കൊച്ചി മെട്രോ ഏല്‍പ്പിക്കാവൂ എന്നും മറിച്ചെന്തെങ്കിലും ആലോചിക്കുക പോലും ചെയ്താല്‍ അത് കൊച്ചി മെട്രോയെ അട്ടിമറിക്കാനാണ് എന്ന് സി.പി.എം. പറഞ്ഞ് ഫലിപ്പിച്ച് വെച്ചിട്ടുണ്ട്. മാത്രമല്ല ഉമ്മന്‍ ചാണ്ടി കമ്മീഷന്‍ വാ‍ങ്ങാനോ അല്ലെങ്കില്‍ മെട്രോ അട്ടിമറിക്കാനോ വേണ്ടി പദ്ധതിയില്‍ നിന്ന് DMRCയെയും ശ്രീധരനെയും ഒഴിവാക്കാന്‍ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് അണിയറയില്‍ ശ്രമിക്കുന്നുണ്ട് എന്ന് ഒരു മുഴം കടത്തിയെറിഞ്ഞിട്ടുമുണ്ട്. അയ്യോ ഞാന്‍ DMRCക്ക് വേണ്ടിയും ശ്രീധരന് വേണ്ടിയും നിരന്തരം പ്രധാനമന്ത്രിക്ക് കത്തെഴുതിക്കൊണ്ടിരിക്കുവാ എന്ന് തലയില്‍ കൈവെച്ച് നിലവിളിച്ചിട്ടും അതാരും ഗൌനിക്കുന്നേയില്ല.

നിലവില്‍ കൊച്ചി മെട്രോ പദ്ധതി DMRCയെയും ശ്രീധരനെയും ഏല്‍പ്പിക്കാനോ അല്ലെങ്കില്‍ DMRC ഏറ്റെടുക്കാനോ കടമ്പകള്‍ ഏറെയുണ്ട്. അത് മനസ്സിലാക്കിയാണ് കൌശലക്കാരനായ സി.പി.എം എം‌പി രാജീവ് തിടുക്കത്തില്‍ മനുഷ്യമെട്രോ പണി പൂര്‍ത്തിയാക്കിയത്. അതിലിടക്ക് ഈ ഇ.ശ്രീധരന്‍ DMRCയുടെ പ്രിന്‍സിപ്പല്‍ അഡ്വൈസര്‍ മാത്രമാണെന്നും ദല്‍ഹിക്ക് പുറത്തുള്ള പദ്ധതികള്‍ ഏറ്റെടുക്കാന്‍ DMRC ബോര്‍ഡ് തീരുമാനിക്കണമെന്നും ശ്രീധരന് ആ ബോര്‍ഡില്‍ പ്രവേശനം ഇല്ല എന്നും നാം മനസ്സിലാക്കണം. ശ്രീധരന് ഉപദേശം നല്‍കാനേ കഴിയൂ. അതിലപ്പുറം അദ്ദേഹത്തിന് DMRCയില്‍ ഹോള്‍ഡ് ഒന്നുമില്ല. DMRC കൊച്ചി മെട്രോയുടെ കണ്‍സല്‍ട്ടന്റ് ആണ്. കണ്‍സല്‍ട്ടന്‍സി കമ്പനിക്ക് നിര്‍മ്മാണ ചുമതല നല്‍കരുത് എന്ന് സെന്‍‌ട്രല്‍ വിജിലന്‍സ് കമ്മീഷന്റെ (CVC) നിയമമുണ്ട്. നിയമം മറി കടന്ന് പദ്ധതി DMRCയെയും ശ്രീധരനെയും ഏല്‍പ്പിച്ചാല്‍ മെട്രോ നിയമക്കുരുക്കില്‍ അകപ്പെടും. കേരളത്തിന് വേണ്ടി മാത്രം CVC നിയമം മാറ്റിയാല്‍ അത് മറ്റ് സംസ്ഥാനങ്ങളിലെ മെട്രോ കമ്പനികളെ ബാധിക്കും. 

ഇപ്പോ മനസ്സിലായില്ലേ കൊച്ചി മെട്രോയെ സി.പി.എമ്മിന് മനുഷ്യമെട്രോയും അനുബന്ധ പ്രക്ഷോഭമെട്രോകളും ആക്കിമാറ്റാനുള്ള അനുകൂല സാഹചര്യം എങ്ങനെ സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പ്കേട് മൂലം ഉണ്ടായി വരുന്നു എന്ന്. സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത് പദ്ധതിയുടെ കണ്‍സല്‍ട്ടന്റായി  DMRCയെ നിയമിക്കുകയും പദ്ധതിയുടെ നിര്‍മ്മാ‍ണത്തിനായി ആഗോള ടെണ്ടര്‍ വിളിക്കുകയുമായിരുന്നു. അങ്ങനെയെങ്കില്‍ ഒരു പക്ഷെ ഏറ്റവും ആധുനികമായ ഒരു മെട്രോ റെയില്‍ സൌകര്യം കൊച്ചിയില്‍ യാഥാര്‍ഥ്യമായേനേ. അഴിമതിയും കമ്മീഷനും നാട്ടില്‍ സുലഭം പോലെ നടക്കുകയും അതിന്റെ പേരു പറഞ്ഞ് സകല വികസന പദ്ധതികളെയും ശ്വാസം മുട്ടിച്ച് കൊല്ലുകയും ചെയ്യുന്ന വിരോധാഭാസമാണ് രാജ്യത്ത് നടക്കുന്നത്.

അഴിമതിക്കെതിരെ ഒരു നല്ല വാര്‍ത്ത


കര്‍ണ്ണാടകയില്‍ നിന്ന് നല്ല വാര്‍ത്തയുണ്ട്. ബാംഗ്ലൂര്‍-മൈസൂര്‍ എക്സ്പ്രസ് ഹൈവേ (നൈസ് റോഡ്) പദ്ധതിക്കായി കര്‍ഷകരുടെ ഭൂമി ബലം പ്രയോഗിച്ച് തട്ടിയെടുത്തെന്ന് ആരോപിച്ച് കര്‍ണ്ണാടകയിലെ മൂന്ന് മുന്‍ മുഖ്യമന്ത്രിമാര്‍ക്കെതിരെ മലയാളിയായ സാമൂഹ്യപ്രവര്‍ത്തകന്‍ ടി.ജെ.ഏബ്രഹാം നല്‍കിയ പരാതിയില്‍ ലോകായുക്ത കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. ഇത് വരെ പിരിച്ചെടുത്ത ടോള്‍ തുകയും പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിയില്‍ അല്പഭാഗം കണ്ടുകെട്ടാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാജ്യത്തിന് തന്നെ മാതൃകയായേക്കാവുന്ന ആ പദ്ധതി  രാ‍ജ്യത്തെ മാതൃകാ അഴിമതിപദ്ധതി ആയി മാറിയതിന്റെ കഥകളാണ് ചുരുളഴിയാന്‍ പോകുന്നത്. ദേവഗൌഡ, എസ്.എം.കൃഷ്ണ, യെദ്ധ്യൂരപ്പ എന്നിങ്ങനെ മൂന്ന് മുന്‍ മുഖ്യന്മാര്‍ മുതല്‍ ICICI ബാങ്ക് ഉദ്യോഗസ്ഥന്‍ വരെ 27 പേരാണ് അന്വേഷണം നേരിടാന്‍ പോകുന്നത്. നമ്മുടെ നീതിപീഠത്തിന്റെ കരുത്താണ് ഇവിടെ തെളിയുന്നതെന്ന് ടി.ജെ.അബ്രഹാം പ്രതികരിച്ചു.

അബ്രഹാമിനെ നമുക്ക് അഭിനന്ദിക്കാം. ഒരു വ്യക്തിക്ക് പോലും രാജ്യത്ത് പല നല്ല കാര്യങ്ങളും ചെയ്യാന്‍ കഴിയും എന്നാണ് ഇത് കാണിക്കുന്നത്. ബി.ജെ.പി.അദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്‌കരിക്കെതിരെ കെജ്‌രിവാള്‍ ആരോപണം ഉന്നയിച്ചതിന് പിന്നാലെ വന്ന ഈ വാര്‍ത്തയും ശുഭോദര്‍ക്കമാണ്. അഴിമതിയുടെ മൊത്തം പാപഭാരവും കോണ്‍ഗ്രസ്സിന്റെ മേല്‍ കെട്ടിവെച്ച് മറ്റ് അഴിമതിക്കാര്‍ക്കെല്ലാം കൈ കഴുകാന്‍ അവസരമൊരുക്കുന്ന പ്രവണത മാറേണ്ടതുണ്ട്. അഴിമതിക്കാ‍ര്‍ എല്ലാ പാര്‍ട്ടികളിലുമുണ്ട്. അത്തരക്കാരെയെല്ലാം തുറന്നു കാട്ടണം. അഴിമതിയെ എല്ലാവരും ഭയക്കുന്ന സാഹചര്യം രാജ്യത്ത് ഉണ്ടാകണം. അതിന് കെജ്‌രിവാളിനെയും ടി.ജെ.അബ്രഹാമിനെയും പോലുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ സഹായിക്കും. ഇനിയും ധാരാളം അഴിമതി വിരുദ്ധ പ്രവര്‍ത്തകരെ നമുക്ക് ആവശ്യമുണ്ട്. എല്ലാ പാര്‍ട്ടികളിലുമുള്ള അഴിമതിക്കാരെ മുഖം നോക്കാതെ തുറന്നു കാട്ടുന്ന കെജ്‌രിവാള്‍മാരെയാണ് ഇന്ത്യയ്ക്ക് ഇന്ന് ആവശ്യം.

അഴിമതിയുടെ കാര്യത്തില്‍ രാഷ്ട്രീയ-ഉദ്യോഗസ്ഥ-മുതലാളിവര്‍ഗ്ഗ അവിശുദ്ധ കൂട്ടുകെട്ടാണ് രാജ്യത്ത് നിലവിലുള്ളത്. ഈ കൂട്ടുകെട്ട് ജനങ്ങളെ വഞ്ചിക്കുകയും കൊള്ളയടിക്കുകയുമാണ്. ജനങ്ങളാണെങ്കില്‍ വിവിധപാര്‍ട്ടികളുടെ വിശ്വാസികളായി ഭിന്നിച്ചു നില്‍ക്കുകയും ചെയ്യുന്നു. അങ്ങനെ ജനങ്ങളെ ഭിന്നിപ്പിച്ച് കൊള്ളയടിക്കുക എന്ന തന്ത്രമാണ് ഈ രാഷ്ട്രീയ-ഉദ്യോഗസ്ഥ-മുതലാളി മുന്നണി രാജ്യത്ത് നടപ്പാക്കുന്നത്. ഇതിനെതിരെ ജനങ്ങള്‍ കക്ഷിരാഷ്ട്രീയം മറന്നു ജാഗരൂഗരാവേണ്ടതുണ്ട്.

സത്യം പറഞ്ഞാല്‍ അഴിമതി എന്നത് ഒരാഗോള പ്രതിഭാസമാണ്. അഴിമതി നടത്തിയതിന്റെ പേരില്‍ ചൈനയിലെ ഒരു പി.ബി.അംഗം പാര്‍ട്ടിയില്‍ നിന്നും പാര്‍ലമെന്റില്‍ നിന്നും പുറത്താക്കപ്പെടുകയുണ്ടായി. അഴിമതിക്കെതിരെ ഒരു നടപടിയും ഇന്ത്യയില്‍ ഉണ്ടാകുന്നില്ല എന്നതാണ് പ്രശ്നം. ഇവിടെ നിയമങ്ങള്‍ ടണ്‍ കണക്കിന് കടലാസില്‍ ഉണ്ട്. എന്നാല്‍ എങ്ങനെ ചാടിയാലും പൂച്ച നാല് കാലില്‍ വീഴുന്ന പോലെ ഒരു രാഷ്ട്രീയക്കാരനും ശിക്ഷിക്കപ്പെടുന്നില്ല. അഴിമതിക്കെതിരെ ശബ്ദിക്കുന്നതും ഇവിടെ അഴിമതിയുടെ ഗുണഭോക്താക്കളായ രാഷ്ട്രീയക്കാരാണ് എന്നതാണ് വിരോധാഭാസം. അങ്ങനെ അഴിമതിയെ ജനകീയവല്‍ക്കരിക്കുകയാണ് രാഷ്ട്രീയക്കാര്‍ ചെയ്യുന്നത്. അഴിമതി എന്നത് ഇന്ന് രാഷ്ട്രീയത്തിന്റെ ഭാ‍ഗമാണ്. അവര്‍ വാ‍ങ്ങുന്ന സംഭാവനകളില്‍ അഴിമതിയുടെ പാപക്കറയുണ്ട്. അത്കൊണ്ട് അഴിമതി വിരുദ്ധപോരാട്ടം രാ‍ഷ്ട്രീയത്തിന് പുറത്തുള്ള സാമൂഹ്യപ്രവര്‍ത്തകരാണ് ഏറ്റെടുക്കേണ്ടത്. അച്യുതാനന്ദനെ പോലുള്ള കപടരാഷ്ട്രീയക്കാര്‍ക്ക് അതെറിഞ്ഞുകൊടുക്കരുത്.

ഇ.ശ്രീധരനെ മെട്രോ ദൈവമാക്കരുത് ..


ഇ.ശ്രീധരനോട് എല്ലാ ആദരവും ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് തന്നെ ചോദിക്കട്ടെ, അദ്ദേഹം ഇപ്പോള്‍ DMRC യുടെ ആരാണ്? ആ കമ്പനിയില്‍ അദ്ദേഹത്തിന്റെ പൊസിഷന്‍ ഇപ്പോള്‍ എന്താണ്? കേരളത്തിലെ മെട്രൊ റെയില്‍ പദ്ധതിയും മോണോ റെയില്‍ പദ്ധതിയും ഒക്കെ ഏറ്റെടുക്കാന്‍ DMRC അദ്ദേഹത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടോ? DMRC ബോര്‍ഡ് യോഗം അപ്പപ്പോള്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഇ.ശ്രീധരനെ അറിയിക്കണമെന്നോ അല്ലെങ്കില്‍ അദ്ദേഹം അറിഞ്ഞിരിക്കണമെന്നോ ഉണ്ടോ? അല്പം കടന്ന് ചോദിച്ചാല്‍, DMRC യില്‍ നിന്ന് പിരിഞ്ഞ് കേരളത്തില്‍ വിശ്രമജീവിതം നയിക്കാന്‍ എത്തിയ അദ്ദേഹത്തിന് DMRC യില്‍ ഇപ്പോഴും എന്താണ് റോള്‍? ഒന്നു കൂടി ധൈര്യപൂര്‍വ്വം ചോദിക്കട്ടെ, ഇ.ശ്രീധരന്‍ ഇല്ലെങ്കില്‍ കേരളത്തില്‍ റെയില്‍‌വേ പദ്ധതികള്‍ ഒന്നും ഒരിക്കലും നടക്കില്ലേ? ശ്രീധരനെ മുന്‍‌നിര്‍ത്തിയുള്ള വാദകോലാഹലങ്ങള്‍ കേള്‍ക്കുന്നത്കൊണ്ടാണ് ഇങ്ങനെ ചോദിക്കുന്നത്.

ബാംഗ്ലൂരിലും ചെന്നൈയിലും മെട്രോ പദ്ധതികള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. അവിടെയൊന്നും ഇ.ശ്രീധരന്‍ ഇല്ലാലോ? കേരളത്തില്‍ ഇ.ശ്രീധരന്‍ ഇല്ലെങ്കില്‍ മെട്രോ നടക്കുകയില്ല എന്നും കോടികള്‍ അടിച്ചുമാറ്റാന്‍ വേണ്ടി ശ്രീധരനെ ഒഴിവാക്കാന്‍ ഉമ്മന്‍ ചാണ്ടി ടോം ജോസിനെകൊണ്ട് കത്തയപ്പിച്ചിരിക്കുകയാണ് എന്നുമാണ് സി.പി.എം. പാര്‍ട്ടിയിലെ എല്ലാ നേതാക്കളും ഇപ്പോള്‍ ആരോപിക്കുന്നത്. അത് കേള്‍ക്കേണ്ട താമസം മുട്ടു വിറച്ച് നെട്ടോട്ടമോടുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇപ്പോള്‍. ശരിയായ തീരുമാനങ്ങളുമായി മുന്നോട്ട് പോകാനുള്ള നെഞ്ചുറപ്പാണ് ഒരു ഭരണാധികാരിക്ക് വേണ്ടത്. പ്രതിപക്ഷം കഴിയാവുന്ന എല്ലാ തരത്തിലും ആരോപണങ്ങളുടെ പുകമറ സൃഷ്ടിക്കും. അതൊക്കെ അവഗണിക്കണം.

നെടുമ്പാശ്ശേരി വിമാനത്താവളം എന്ന ആശയം മുന്നോട്ട് വെച്ചപ്പോള്‍ എന്തായിരുന്നു പുകില്. കെ.കരുണാകരന്‍ പതറിയില്ല. തടസ്സവാദങ്ങള്‍ ഒന്നും കണക്കിലെടുത്തില്ല. അങ്ങനെ നെടുമ്പാശ്ശേരി യാഥാര്‍ഥ്യമായി. അത്തരം ചങ്കുറപ്പാണ് മുഖ്യമന്ത്രിക്ക് വേണ്ടത്. സി.പി.എം. ഒന്നിനെ എതിര്‍ക്കുകയാണെങ്കില്‍ അത് സംസ്ഥാനത്തിന് നല്ലതാണ് എന്നാണ് നാം മനസ്സിലാക്കേണ്ടത്. അവര്‍ എന്തിനെയെങ്കിലും അനുകൂലിക്കുമ്പോള്‍ അതിനെയാണ് നാം സംശയത്തോടെ വീക്ഷിക്കേണ്ടത്. ഇപ്പോള്‍ ഇ.ശ്രീധരന്‍ സി.പി.എമ്മിന്റെ സ്വന്തം ആള്‍ എന്ന നിലയിലാണ് ആ പാര്‍ട്ടി ശ്രീധരനെ കൊണ്ടാടുന്നത്. ശ്രീധരന്‍ ഇല്ലെങ്കില്‍ പദ്ധതിയില്‍ അഴിമതിയുണ്ടാകുമെന്നും കോടികള്‍ അടിച്ചുമാറ്റും എന്നും മുന്‍കൂറായി പ്രചരിപ്പിക്കുന്നു. ഇങ്ങനെയാണെങ്കില്‍ കേരളത്തില്‍ ഇനി എങ്ങനെയാണ് ഒരു പദ്ധതി തുടങ്ങുക? എന്തിലും എക്കാലവും ശ്രീധരന്‍ ഇല്ലെങ്കില്‍ അഴിമതി ഉറപ്പാണല്ലൊ. സി.പി.എമ്മിനാണെങ്കില്‍ അഴിമതി തീരെ സഹിക്കാനും പറ്റില്ല.

വിശ്രമജീവിതം നയിക്കാന്‍ വേണ്ടി കേരളത്തില്‍ താമസിക്കുന്ന ശ്രീധരന്‍ ചെയ്യേണ്ടിയിരുന്നത് കൊച്ചി മെട്രോക്ക് വേണ്ട ഉപദേശങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുകയായിരുന്നു. DMRC യെ പദ്ധതി ഏല്‍പ്പിക്കണം എന്ന് ശുപാര്‍ശ ചെയ്യുന്നതിലും തെറ്റില്ല. എന്നാല്‍ ഞാനറിയാതെ DMRC യില്‍ ഒന്നും നടക്കില്ല എന്നും താന്‍ ഇപ്പോഴും DMRC യുടെ ഭാഗമാണ് എന്നും ഭാവിക്കുമ്പോള്‍ ടോം ജോസ് എന്നല്ല ആരും ചോദിച്ചുപോകും, ഇ.ശ്രീധരന് ഇപ്പോള്‍ DMRCയില്‍ എന്ത് കാര്യമെന്ന്.

കൊച്ചി മെട്രോ യാഥാര്‍ഥ്യമാകണമെന്നാണ് മലയാളികള്‍ ഒന്നടങ്കം ആഗ്രഹിക്കുന്നത്. എന്നാ‍ല്‍ യു.ഡി.എഫ്. ഭരിക്കുമ്പോള്‍ കൊച്ചി മെട്രോ പൂര്‍ത്തിയാകണമെന്ന് സി.പി.എം. ആഗ്രഹിക്കുമോ? ഇല്ല. കഴിയുന്നതും വെച്ചു താമസിപ്പിച്ച് അടുത്ത ഭരണമാറ്റം വരെ നീട്ടിക്കൊണ്ടുപോകാനേ അവര്‍ ശ്രമിക്കുകയുള്ളൂ. ഈ ചതിക്കുഴി ഉമ്മന്‍ ചാണ്ടി മനസ്സിലാക്കണം. പ്രതിപക്ഷം എന്ത് പറയുന്നു എന്ന് നോക്കി അതിനൊക്കെ ചെവികൊടുത്ത് ഭയന്ന് വെപ്രാളപ്പെട്ടാല്‍ സംസ്ഥാനത്ത് ഒന്നും നടക്കില്ല. അതാണ് സി.പി.എമ്മും ആഗ്രഹിക്കുന്നത്. ശ്രീധരന്‍ ഉണ്ടോ ഇല്ലയോ എന്നതല്ല, മെട്രോ നടക്കണം അതാണ് നമ്മുടെ മുന്നിലുള്ള പ്രശ്നം. ഐ.എ.എസ്സുകാരെ സംശയിച്ചും മുഷിപ്പിച്ചും വെറുപ്പിച്ചും മുന്നോട്ട് പോയാല്‍ ഒരു ചുക്കും നടക്കില്ല.

ഇതെഴുതുമ്പോഴും ശ്രീ.ഉമ്മന്‍ ചാണ്ടി പരക്കം പായുകയാണ്. അദ്ദേഹത്തിന് സി.പി.എമ്മിനെ മാത്രമേ പേടിക്കേണ്ടതുള്ളൂ. കോണ്‍ഗ്രസ്സില്‍ ആരെയും ഭയക്കേണ്ടതില്ല. ചെന്നിത്തലയെ ഒപ്പം നിര്‍ത്തിയാല്‍ മതി. പാര്‍ട്ടി സ്വന്തം പോക്കറ്റില്‍ എന്ന പോലെയായി. പ്രളയം വരെ കോണ്‍ഗ്രസ്സില്‍ സംഘടന തെരഞ്ഞെടുപ്പ് നടക്കുകയുമില്ല. അത്കൊണ്ട് സ്ഥാനമാനങ്ങള്‍ ഇനി കൈവിട്ടുപോവുകയേയില്ല താനും. എന്തായാലും കൊച്ചി മെട്രോ യാഥാര്‍ഥ്യമാകാതിരിക്കാന്‍ സി.പി.എം. നടത്തുന്ന കളികള്‍ വിജയിക്കാനാണ് സാധ്യത.

ഞാന്‍ ഇ.ശ്രീധരനെ കുറ്റം പറയുന്നില്ല. അദ്ദേഹത്തിന്റെ കഴിവിനെ താഴ്ത്തിക്കെട്ടുന്നില്ല. അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയെയോ സംശുദ്ധ വ്യക്തിത്വത്തെ സംശയിക്കുകയോ ചെയ്യുന്നില്ല.. എന്നാല്‍  DMRC യില്‍ അദ്ദേഹത്തിന്റെ സ്ഥാനം എന്താ‍ണെന്ന് തിരക്കി ടോം ജോസ് കത്തയച്ചത് ശരിയാണെന്ന് കരുതുന്നു.

DMRC യോ ഇ.ശ്രീധരനോ ഇല്ലെങ്കില്‍ മെട്രോ നടക്കുകയേയില്ല എന്ന് ഞാന്‍ കരുതുന്നില്ല. കൊച്ചി മെട്രോ  DMRC യെ ടെണ്ടര്‍ കൂടാതെ ഏല്‍പ്പിക്കണം എന്നും ടെണ്ടര്‍ വിളിച്ചാല്‍  DMRC പദ്ധതി ഏറ്റെടുക്കില്ല എന്നും ശ്രീധരന്‍ സര്‍ വാശി പിടിച്ചതിന്റെയും സര്‍ക്കാര്‍ അത് അംഗീകരിച്ചതിന്റെയും ലോജിക്ക് എനിക്ക് മനസ്സിലായിട്ടില്ല.

ടെണ്ടര്‍ വിളിക്കാതെ മെട്രോ നടപ്പാക്കിയതിന്റെ പേരില്‍ സര്‍ക്കാരിന് ഇത്ര കോടി നഷ്ടം ഉണ്ടായി എന്ന് പറഞ്ഞ് ഭാവിയില്‍ ഉമ്മന്‍ ചാണ്ടിയെയും ആര്യാടനെയും മറ്റും ജയിലില്‍ കിടത്താന്‍ വി.എസ്സിനെ പോലെ വ്യവഹാരപ്രിയനായ ആര്‍ക്കും നിഷ്പ്രയാസം കഴിയും. ഒന്നുമില്ലെങ്കിലും പാം ഓയില്‍ കേസ് പോലെ മരണം വരെ കോടതി കയറിയിറങ്ങേണ്ട അവസ്ഥയിലാക്കാന്‍ കഴിയും.

വി.എസ്സിന് ഇനിയും അങ്കത്തിന് ബാല്യമുണ്ടെങ്കില്‍ അദ്ദേഹമോ അല്ലെങ്കില്‍ സി.പി.എമ്മിലെ ആരെങ്കിലുമോ തീര്‍ച്ചയായും ഉമ്മന്‍ ചാ‍ണ്ടിയെയും മറ്റും വെള്ളം കുടിപ്പിക്കുക തന്നെ ചെയ്യും. ജോലിയില്‍ നിന്ന് വിരമിച്ച് സ്വന്തം നാട്ടില്‍ വിശ്രമജീവിതം നയിക്കുന്ന ഇ.ശ്രീധരന്  DMRC യെ പോലെ KMRL നെ വളര്‍ത്താന്‍ സഹായിക്കാമായിരുന്നു.  DMRC മാത്രം വളര്‍ന്നാല്‍ മതിയോ? കേരളത്തിലും സര്‍ക്കാര്‍ മേഖലയില്‍ അത്തരം ഒരു കമ്പനി വളര്‍ന്നാല്‍ എന്താ ദോഷം?

ഇങ്ങനെയൊക്കെ ആണെങ്കിലും ഞാന്‍ ഇ.ശ്രീധരനോ  DMRC ക്കോ കൊച്ചി മെട്രോ പദ്ധതിക്കോ എതിരല്ല. ഡല്‍ഹിയില്‍ നിന്ന്  DMRC വിട്ട് കേരളത്തില്‍ എത്തിയ ഇ.ശ്രീധരന്‍ പിന്നെയും  DMRC വേണ്ടി ഏജന്‍സി പണി എടുക്കേണ്ടായിരുന്നു എന്നും കേരളത്തില്‍ അങ്ങനെ ഒരു കമ്പനിക്ക് രൂപം നല്‍കി വികസിപ്പിക്കാമായിരുന്നു എന്നും ഒരഭിപ്രായം പറയുന്നു എന്ന് മാത്രം. ഇവിടെ ഇ.ശ്രീധരന് വേണ്ടിയും  DMRC ക്ക് വേണ്ടിയും വാചാലമാകുന്നവരുടെ ഉദേശം എന്തരോ എന്തോ ......

കുടുംബശ്രീയും ജനശ്രീയും പിന്നെ ചില പ്രതികരണങ്ങളും..


കുടുംബശ്രീ എന്നത് കേരളത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ വര്‍ഗ്ഗബഹുജന സംഘടന പോലെയാണ് പ്രവര്‍ത്തിക്കുന്നത്. സ്ത്രീകള്‍ക്കാണ് കുടുംബശ്രീയില്‍ അംഗത്വം കിട്ടുക. സ്വാഭാവികമായും സ്ത്രീകള്‍ തന്നെയായിരിക്കും കുടുംബശ്രീയില്‍ ഭാരവാഹികളും. എന്നാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പ്രാ‍ദേശികനേതാക്കളുടെ അദൃശ്യഹസ്തങ്ങള്‍ കുടുംബശ്രീ യൂനിറ്റുകളെ നിയന്ത്രിക്കുന്നു എന്ന് എല്ലാവര്‍ക്കും അറിയാം. കേന്ദ്ര സര്‍ക്കാര്‍ എന്ത് ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കിയാലും അതൊക്കെ തങ്ങളുടേതാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ മാ‍ര്‍ക്സിസ്റ്റുകളുടെ മിടുക്ക് ഒന്ന് വേറെ തന്നെയാണ്. തൊഴിലുറപ്പ് പദ്ധതി വന്നപ്പോള്‍ അവര്‍ ഒരു യൂനിയന്‍ തന്നെ ഉണ്ടാക്കിക്കളഞ്ഞു. തൊഴിലുറപ്പ് തൊഴിലാളി യൂനിയന്‍. ചുരുക്കി പറഞ്ഞാല്‍ കുടുംബശ്രീ കേരളത്തില്‍ സി.പി.എമ്മിന്റെ പോഷകസംഘടന പോലെയാണിന്ന്.

ജനശ്രീ ഒരു ചാരിറ്റബിള്‍ സൊസൈറ്റിയാണ്. പ്രാ‍യപൂര്‍ത്തിയായ ആര്‍ക്കും സ്ത്രീ-പുരുഷ ഭേദമെന്യേ അതില്‍ അംഗമാകാം. ഏത് ചാരിറ്റബിള്‍ സൊസൈറ്റിക്കും സര്‍ക്കാര്‍ സഹായത്തിന് അപേക്ഷിക്കുകയും സഹായം സ്വീകരിക്കുകയും ചെയ്യാം. കേരളത്തില്‍ ഏത് സര്‍ക്കാര്‍ ഭരിക്കുമ്പോഴും, ഏറ്റവും കൂടുതല്‍ സഹായങ്ങള്‍ പണമായോ ഭൂമിയായോ സര്‍ക്കാരില്‍ നിന്ന് വാങ്ങാറുള്ളത് സി.പി.എം. ഭരിക്കുന്നതോ നിയന്ത്രിക്കുന്നതോ ആയ സംഘടനകളാണ്. അതൊക്കെ അവരുടെ സാമര്‍ഥ്യം. അസൂയപ്പെട്ടിട്ട് കാര്യമില്ല.

എന്നാല്‍ ഇപ്പോള്‍ ജനശ്രീ എന്ന ചാരിറ്റബിള്‍ സൊസൈറ്റിക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കിയപ്പോള്‍ അത് കുടുംബശ്രീയെ തകര്‍ക്കാനാണ് എന്നാണ് പ്രചരണം. കുടുംബശ്രീയുടെ വളര്‍ച്ചയില്‍ കണ്ണ് കടി കൊണ്ടാണ് ജനശ്രീക്ക് സഹായം നല്‍കുന്നത് എന്നാണ് അച്യുതാനന്ദന്‍ പറയുന്നത്. കുടുംബശ്രീക്കാര്‍ ഇതിനെതിരെ സമരവും നടത്തുന്നു. സാമൂഹ്യപ്രവര്‍ത്തനം എന്നത് ആരുടെയും കുത്തകയല്ല. കോണ്‍ഗ്രസ്സുകാര്‍ക്കും ചാരിറ്റബിള്‍ സൊസൈറ്റികള്‍ ആരംഭിക്കാനും സര്‍ക്കാര്‍ ഫണ്ട് സ്വീകരിക്കാനും എല്ലാം അവകാശമുണ്ട്. ജനശ്രീ പ്രവര്‍ത്തിക്കുന്നത്കൊണ്ട് കുടുംബശ്രീ തകരും എന്ന് പറഞ്ഞ് സമരാഭാസം നടത്തുന്നത് വിചിത്രമാണ്. മാര്‍ക്സിസ്റ്റുകാരുടെ സാമര്‍ഥ്യവും മിടുക്കും സംഘാടന വൈഭവവും പണം ഉണ്ടാക്കാനുള്ള കൌശലവും അടവ്നയങ്ങളും തന്ത്രങ്ങളും മറ്റൊരു സംഘടനക്കും ഉണ്ടാവുകയില്ല. എന്നാല്‍ തന്നെയും ആ പാര്‍ട്ടി പടര്‍ന്ന് പന്തലിച്ച് ഇന്ത്യ മൊത്തം വ്യാപിക്കുകയില്ലല്ലോ എന്നും പടവലങ്ങ പോലെ കുത്തോട്ടേക്കല്ലേ വളരൂ എന്നതും മാത്രമാണ് ആശ്വാസം.

ജനശ്രീയെ ദയവായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ എന്ന് കുടുംബശ്രീക്കാരോട് എന്തായാലും പറയുന്നില്ല. കാരണം, ആരെതിര്‍ത്താലും ജനശ്രീക്ക് ധനസഹായം നല്‍കും എന്ന് മന്ത്രി പറഞ്ഞുട്ടുണ്ടല്ലൊ. മന്ത്രിയുടെ ധീരതയെ വാഴ്ത്തുന്നു!

പരിസ്ഥിതി തീവ്രവാദം തുലയട്ടെ!


കൂടംകുളം ആണവനിലയത്തെ പറ്റി പരിസ്ഥിതിതീവ്രവാദികള്‍ ഉയര്‍ത്തുന്ന ആശങ്കകള്‍ക്കും പ്രചരിപ്പിക്കുന്ന ഭീതിക്കും യാതൊരു ശാസ്ത്രീയാടിസ്ഥാനവുമില്ല. നിലയം ഒരു തരത്തിലുമുള്ള റേഡിയേഷനോ  പരിസരമലിനീകരണമോ ഉണ്ടാക്കുകയില്ല. കല്‍ക്കരി ഉപയോഗിച്ചുള്ള താപവൈദ്യുതിനിലയങ്ങളാണ് വലിയ തോതില്‍ പരിസരമലിനീകരണം ഉണ്ടാക്കുന്നത്. ആണവനിലയങ്ങളിലെ ശേഷിക്കുന്ന ആണവാവശിഷ്ടങ്ങള്‍ റേഡിയോ വികിരണങ്ങള്‍ പുറപ്പെടുവിക്കും എന്നതും അതിന്റെ അര്‍ദ്ധായുസ്സ് ആയരിക്കണക്കിന് വര്‍ഷം നീണ്ടുനില്‍ക്കും എന്നത് പ്രശ്നമാണ്. ഈ ആണവ വേസ്റ്റുകള്‍ ഭൂമിക്കടിയിലും കടലിനടിയിലും ഉരുക്ക് കവചത്തില്‍ അടച്ച് ചുറ്റും കോണ്‍ക്രീറ്റ് അറ നിര്‍മ്മിച്ച് സുരക്ഷിതമായി സൂക്ഷിക്കുകയാണ് ഇപ്പോള്‍ ചെയ്ത് വരുന്നത്. അത്കൊണ്ട് ആണവവേസ്റ്റുകള്‍ ഒരു വിധത്തിലും മനുഷ്യര്‍ക്ക് സുരക്ഷാഭീഷണി ഉയര്‍ത്തുന്നില്ല. ഭൂമിയേക്കാളും മൂന്നിരട്ടി വ്യാപ്തി സമുദ്രങ്ങള്‍ക്ക് ഉണ്ട്. അത്കൊണ്ട് കടലിനടിയില്‍ മേല്‍പ്പറഞ്ഞത് മാതിരി ആണവവേസ്റ്റുകള്‍ എത്ര വേണമെങ്കിലും എത്ര കാലത്തേക്കും സൂക്ഷിക്കാന്‍ പറ്റും.

കൂടാതെ ആണവവേസ്റ്റുകള്‍ റീ-സൈക്കിള്‍ ചെയ്ത് വീണ്ടും ആണവ ഇന്ധനമായി ഉപയോഗിക്കാനുള്ള സാധ്യതയും നിലവിലുണ്ട്. തോറിയം ഉപയോഗിച്ച് ആണവാവശിഷ്ടം ഇന്ധനമാക്കി മാറ്റാനുള്ള ഗവേഷണം ഇന്ത്യയില്‍ പുരോഗമിക്കുന്നു. നിലവില്‍ ഭൂമിയില്‍ സൂക്ഷിച്ചിരിക്കുന്ന ആണവവേസ്റ്റുകള്‍ സൌരയൂഥത്തിലെ ആള്‍പ്പാര്‍പ്പില്ലാത്ത ഏതെങ്കിലും ഗ്രഹത്തില്‍ കൊണ്ടുപോയി നിക്ഷേപിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. വൈദ്യുതിയുടെ ആവശ്യം നാള്‍ക്ക് നാള്‍ വര്‍ദ്ധിച്ചുവരുന്നു. എങ്ങനെ നോക്കിയാലും മനുഷ്യന്റെ ഊര്‍ജ്ജാവശ്യം പരിഹരിക്കാന്‍ ഏറ്റവും സൌകര്യപ്രദവും യാതൊരു പരിസരമാലിന്യവും ഉണ്ടാക്കാത്ത വിധത്തില്‍ വൈദ്യുതി ഉല്പാദിപ്പിക്കാന്‍ ഭാവിയില്‍ കഴിയുക ആണവനിലയങ്ങളില്‍ കൂടിയാ‍യിരിക്കും.

പിന്നെയുള്ളത് , അപകടങ്ങളെ കുറിച്ചുള്ള ഭീതിയാണ്. അപകടം ഏതിലാണ് ഇല്ലാത്തത്. അപകടം ഉണ്ടാകും എന്ന് ഭയന്ന് ആളുകള്‍ക്ക് വീട്ടില്‍ കുത്തിയിരിക്കാന്‍ പറ്റുമോ? എന്തിലും മനുഷ്യസാധ്യമാ‍യ സുരക്ഷ ഒരുക്കാന്‍ മാത്രമേ സാധിക്കൂ. അതൊക്കെ ആണവ നിലയങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരും ശാസ്ത്രജ്ഞന്മാരും സാങ്കേതിക വിദഗ്ദ്ധരും കൂടി ചെയ്യുന്നുണ്ട്. അവരെ അവിശ്വസിക്കേണ്ട കാര്യമില്ല. പരിസ്ഥിതി തീവ്രവാദികള്‍ക്ക് മാത്രമാണ് ജനങ്ങളുടെ സുരക്ഷയില്‍ താല്പര്യം എന്ന് ആരും തെറ്റിധരിച്ചുപോകരുത്. സര്‍ക്കാരുകളും ശാസ്ത്രസമൂഹവുമാണ് ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നത്. പാര്‍ട്ടി വേറെയാണ് എന്ന് കരുതി സര്‍ക്കാരിനെ എന്തിലും സംശയത്തോടെയും എതിര്‍പ്പോടെയും കാണുന്നത് ആരോഗ്യകരമായ പൌരബോധമല്ല.

പരിസ്ഥിതി തീവ്രവാദം മനുഷ്യവിരുദ്ധമാണെന്ന് തിരിച്ചറിയുക!