Links

സി.എ.ജി.യുടെ മായക്കണക്കും ബി.ജെ.പി.യുടെ ദുഷ്ടലാക്കും..

2008ല്‍ 2ജി ലേലം ചെയ്യാത്തത്കൊണ്ട് സര്‍ക്കാരിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടായി എന്ന് സി.എ.ജി.യുടെ റിപ്പോര്‍ട്ട് പുറത്ത് വന്ന ഉടനെ തന്നെ അതൊരു മായക്കണക്ക് ആണെന്നും അമ്മാതിരി കണക്ക് തയ്യാറാക്കിയ കണക്കപ്പിള്ളയുടെ തല പരിശോധിക്കേണ്ടതാണെന്നും ഞാന്‍ പറഞ്ഞിരുന്നു. കാരണം, 2010ല്‍ 3ജി ലേലം ചെയ്തപ്പോള്‍ സര്‍ക്കാരിന് ലഭിച്ച തുകയുമായി തുലനം ചെയ്ത്, 2008ല്‍ 2ജി ലേലം ചെയ്തിരുന്നുവെങ്കില്‍ ഇതേ തോത് വെച്ച് അന്ന് 2ജിക്കും പണം ലഭിക്കുമായിരുന്നു എന്നും അങ്ങനെ  അന്ന് ലേലം ചെയ്യാത്തത്കൊണ്ട് സര്‍ക്കാരിന് മേപ്പടി തുക നഷ്ടമായി എന്നുമായിരുന്നു ആ കണക്ക്. ഇങ്ങനെ ഒരു സാങ്കല്പിക കണക്ക് തയ്യാറാക്കാന്‍ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ആര്‍ക്കെങ്കിലും സാധിക്കുമോ?  ഈ കണക്ക് സുബോധമുള്ള ആരെങ്കിലും കണക്കിലെടുക്കുമോ?

സി.എ.ജി. ആ കല്പിതകണക്ക് തയ്യാറാക്കിയത് ബി.ജെ.പി.ക്ക് രാഷ്ട്രീയം കളിക്കാനാണ് എന്നും ഞാന്‍ അന്നേ പറയുന്നുണ്ടായിരുന്നു. ഞാന്‍ പറഞ്ഞത് അക്ഷരം പ്രതി ശരിയാണെന്ന് ഇപ്പോള്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് മറ്റാരുമല്ല, Comptroller and Auditor General (CAG) of India യുടെ Director General of Audit ആയിരുന്ന ആര്‍.പി.സിങ്ങ് തന്നെയാണ്. അദ്ദേഹം പറയുന്നു, ഞാന്‍ കണക്കാക്കിയ നഷ്ടം 37, 000 കോടി മാത്രമായിരുന്നു , ആ തുക തന്നെ സര്‍ക്കാരിന് വീണ്ടെടുക്കാനും കഴിയുമായിരുന്നു.

 ( Mr Singh questioned the national auditor's estimates of presumptive loss figure of Rs. 1.76 lakh crore in the 2G spectrum allocation. He said that according to him, the loss due to the first-come-first -served policy followed by the government was Rs. 37, 000 crore and this too, he said, was entirely recoverable. Ref: http://goo.gl/PTef5 )

ആ കണക്ക് സി.എ.ജി. പാര്‍ലമെന്റിന് നല്‍കുന്നതിന്റെ തലേ ദിവസം ബി.ജെ.പി.യുടെ നേതാവ് മുരളി മനോഹര്‍ ജോഷി സി.എ.ജി. ഉദ്യോഗസ്ഥന്മാരെ കണ്ടിരുന്നതായും ആര്‍.പി.സിങ്ങ്  എന്‍.ഡി.ടി.വി.ക്ക് അനുവദിച്ച അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.  സ്വാഭാവികമായും ഈ ആരോപണം ജോഷിയും ബി.ജെ.പി.ക്യാമ്പും നിഷേധിച്ചിട്ടുണ്ട് എന്നത് വേറെ കാര്യം. ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്ന ഒരു കാര്യം എന്തെന്ന് വെച്ചാല്‍ കോണ്‍ഗ്രസ്സ് ഭരിക്കുമ്പോള്‍ ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച് രാജ്യം കുട്ടിച്ചോറാക്കാന്‍ ബി.ജെ.പി.ക്ക് കഴിയുന്നു എന്നും അതിന് ഭരണഘടന പദവി വഹിക്കുന്ന ബ്യൂറോക്രാറ്റുകള്‍ കൂട്ടുനില്‍ക്കും എന്നുമാണ്. കോണ്‍ഗ്രസ്സ് ഭരിക്കുമ്പോള്‍ മാത്രമേ ഈ പ്രശ്നമുള്ളൂ. ബി.ജെ.പി. ഭരിക്കുമ്പോള്‍ കോണ്‍ഗ്രസ്സ് ഇമ്മാതിരി തറവേല കാണിക്കാറുമില്ല. ബി.ജെ.പി. ആരോപണങ്ങളെയോ വിവാദങ്ങളെയോ കൂസാറുമില്ല.

അപ്പോള്‍ ഞാന്‍ പറഞ്ഞുവരുന്നത്, ഒരു ഉദ്യോഗസ്ഥന് സര്‍ക്കാരിനെക്കൊണ്ട് കുരങ്ങ് കളിപ്പിക്കാനും രാജ്യം അലങ്കോലമാക്കാനും ഇനിയും കഴിയരുത്. അത്കൊണ്ട് രണ്ട് സി.എ.ജി.മാരെ കൂടി ഉടനെ നിയമിച്ച് മൂന്നംഗ സി.എ.ജി. എന്ന നിലയുണ്ടാക്കണം. തനിക്ക് ഒറ്റക്ക് എന്തും കഴിയും എന്ന ധാര്‍ഷ്ട്യം ഒരു ബ്യൂറോക്രാറ്റിനും മേലില്‍ ഉണ്ടാ‍കരുത്. അത്പോലെ തന്നെ 2008ല്‍ അനുവദിക്കപ്പെട്ട 122 സ്പെക്ട്രം ലൈസന്‍സ് റദ്ധാക്കിയ കോടതി നടപടി ‌- ഇവിടെ ഒരു പ്രശ്നമുണ്ട്. കോടതി നടപടി തെറ്റാണെന്ന് പറയാന്‍ പാടില്ല. ദൌഭാഗ്യകരം എന്നേ പറയാന്‍ പറ്റൂ. ഇല്ലെങ്കില്‍ കോടതിയലക്ഷ്യമാകും- സാമാ‍ന്യയുക്തിക്ക് നിരക്കുന്നതല്ല. കാരണം അന്ന് അനുവദിച്ച മറ്റ് ലൈസന്‍സുകള്‍ കോടതി റദ്ധാക്കിയുമില്ല. അത്കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതിയെക്കൊണ്ട് കോടതിയോട് റഫറന്‍സ് ചോദിപ്പിച്ചത്.

കോടതിയലക്ഷ്യമായാലും വേണ്ടില്ല, ഇപ്പോഴൊക്കെ കോടതി സര്‍ക്കാരിനെ കയറി ഭരിക്കാനും അസ്ഥാനത്തുള്ള പരാമര്‍ശങ്ങളിലൂടെ സര്‍ക്കാരിനെ ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നതായി ഒരു പൌരന്‍ എന്ന നിലയില്‍ എനിക്ക് തോന്നുന്നുണ്ട്. അത്കൊണ്ട് കോടതിയുടെയും സര്‍ക്കാരിന്റെയും അധികാരപരിധികള്‍ സുവ്യക്തമായി നിര്‍വ്വചിക്കണമെന്നും ഞാന്‍ ആവശ്യപ്പെടുന്നു. സര്‍ക്കാരിന്റെ നയപരവും ഭരണപരവുമായ കാര്യങ്ങളില്‍ കോടതിക്കോ സി.എ.ജി.ക്കോ ഇടപെടാന്‍ കഴിയരുത്. അത്പോലെ തന്നെ കോടതിയുടെ നീതി-ന്യായ നിര്‍വ്വഹണത്തില്‍ സര്‍ക്കാരിനും ഇടപെടാന്‍ കഴിയരുത്. ഭരണഘടനാപദവി വഹിക്കുന്നവര്‍ക്കിടയെ ഈഗോക്ലാഷ് വരാനുള്ള സാധ്യതകള്‍ തടയപ്പെടണം.

പ്രതിപക്ഷപാര്‍ട്ടി എന്ന നിലയില്‍ എന്ത് തറപ്പരിപാടി കളിച്ചാലും ബി.ജെ.പി. എന്ന പാര്‍ട്ടി എവിടെയും എത്താന്‍ പോകുന്നില്ല എന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷെ ആരോപണങ്ങളുടെയും വിവാദങ്ങളുടെയും പുകപടലങ്ങളില്‍ പെട്ട് രാജ്യം സ്തംഭിച്ചുപോകുന്നു എന്നതാണ് ദുരന്തം. ടെലികോം മേഖല ആകപ്പാടെ നാശകോശമായി എന്ന് പറയാം. വികസിതരാജ്യങ്ങളില്‍ ഇപ്പോള്‍ 4ജി സാങ്കേതിക വിദ്യയാണ് വിദൂരവാര്‍ത്താവിനിമയ രംഗത്ത് പ്രചാരത്തിലുള്ളത്. അതിവേഗ ഇന്റര്‍നെറ്റ് അവിടെ ജനങ്ങള്‍ക്ക് ലഭ്യമാണ്. ഇന്ത്യയില്‍ 3ജി ഇനി പച്ചപിടിക്കാന്‍ പോകുന്നില്ല.  2ജിയില്‍ തന്നെ മൊബൈല്‍ കോളിന്റെ ചാര്‍ജ്ജ് വര്‍ദ്ധിക്കാനാണ് സാധ്യത. നമുക്ക് ഇങ്ങനെയൊക്കെ മതിയല്ലൊ.

കടപ്പാട് :  NDTV

വാര്‍ത്ത കാണുക.

കൂടംകുളം ആണവനിലയം ഉപേക്ഷിക്കണമോ?





കൂടംകുളം ആണവനിലയം ഉപേക്ഷിക്കണമോ എന്ന വിഷയത്തെ ആസ്പദമാക്കി ഒരു സംവാദം നിര്‍മുക്ത എന്ന സംഘടന 15-11-2012 ന് തിരുവനന്തപുരം പ്രസ്സ് ക്ലബ് ഹാളില്‍ സംഘടിപ്പിച്ചിരുന്നു. കൂടംകുളം ആണവനിലയത്തെയും ആണവോര്‍ജ്ജത്തെയും അനുകൂലിച്ച് ഞാനും എതിര്‍ത്തുകൊണ്ട് പ്രഫ: ആര്‍.വി.ജി.മേനോനും സംസാരിക്കുകയുണ്ടായി. സംവാദത്തില്‍ ഞാന്‍ അവതരിപ്പിച്ച രേഖ താഴെ കൊടുക്കുന്നു. സംവാദത്തെ കുറിച്ച് വിശദമായ ഒരു പോസ്റ്റ് ഞാന്‍ പിന്നീട് എഴുതുന്നതാണ്.

കൂടംകുളം ആണവനിലയം നമ്മുടെ ഊര്‍ജ്ജസ്വയം‌പര്യാപ്തിക്ക് അനിവാര്യം

ശാസ്ത്രസാഹിത്യപരിഷത്തിന്റെ കൂടംകുളം-ആണവോര്‍ജ്ജ വിരുദ്ധനിലപാട് ശാസ്ത്രവിരുദ്ധം

കേരളീയ സമൂഹത്തില്‍ ഗുണപരമായ പല മുന്നേറ്റങ്ങള്‍ക്കും , പ്രത്യേകിച്ച് ശാസ്ത്രാവബോധം സമൂഹത്തിന് പകര്‍ന്നു നല്‍കുന്നതിലും നേതൃത്വപരമായ പങ്ക് വഹിച്ച കേരള ശാസ്ത്രസാഹിത്യപരിഷത്ത് ഇപ്പോള്‍ കൂടംകുളം പദ്ധതി ഉപേക്ഷിക്കുക, ആണവമുക്ത ഭാരതത്തിനായി പോരാടുക എന്ന മുദ്രാവാക്യവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. ഇത് അങ്ങേയറ്റം ശാസ്ത്രവിരുദ്ധവും പ്രതിലോമപരവുമായ നിലപാടാണ്. കൂടംകുളം ആണവനിലയത്തെയും ആണവപദ്ധതികളെയും എതിര്‍ക്കാന്‍ പരിഷത്ത് ആശ്രയിക്കുന്നത് അര്‍ദ്ധസത്യങ്ങളെയും വസ്തുതാവിരുദ്ധമായ ഭാവനകളെയും അജ്ഞത മൂലം ജനങ്ങളില്‍ ഉണ്ടായിട്ടുള്ള സാങ്കല്പിക ഭയങ്ങളെയുമാണ്. പരിഷത്തിന്റെ ലഘുലേഖ വായിച്ചാല്‍ ശാസ്ത്രീയ വീക്ഷണമുള്ള ആര്‍ക്കും ഇത് മനസ്സിലാകും.

ആണവോര്‍ജ്ജം ഉപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന് 60 കൊല്ലത്തെ ചരിത്രമുണ്ട്. ഇന്ന് ലോകത്ത്  31 രാജ്യങ്ങളിലായി 435 ആണവനിലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 62 നിലയങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുകയുമാണ്. 350 ആണവ നിലയങ്ങള്‍ പ്രൊപ്പോസ് ചെയ്യപ്പെട്ടിട്ടുമുണ്ട്.  ഇന്ത്യയില്‍ ആകെ 20 ആണവറിയാക്ടറുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. 7 യൂനിറ്റുകള്‍ പൂര്‍ത്തിയാകാനുമുണ്ട്. ഇപ്പറഞ്ഞ 60 കൊല്ലത്തെ ആണവ ചരിത്രത്തില്‍ ആകെ മൂന്ന് അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. 1979ല്‍ അമേരിക്കയിലെ ത്രീമൈല്‍ അയലന്റിലും 1986ല്‍ അന്നത്തെ സോവിയറ്റ് യൂനിയനില്‍ പെട്ട ചെര്‍ണോബിലും 2011ല്‍ ഫുക്കുഷിമയിലും.

ത്രീമൈല്‍ അയലന്‍ഡ് അപകടത്തില്‍ ആരും മരിച്ചിട്ടില്ല എന്ന് പരിഷത്ത് ലഘുലേഖ തന്നെ സമ്മതിക്കുന്നുണ്ട്. ചെര്‍ണോബില്‍ നേരിട്ടുള്ള ജീവനാശം ഏറെയൊന്നും ഉണ്ടായില്ല എന്ന വസ്തുതയും ലഘുലേഖയില്‍ പറയുന്നുണ്ട്.  ഫുക്കുഷിമയില്‍ ആണവവികിരണം കൊണ്ട് ആരും മരിച്ചിട്ടില്ല. സുനാ‍മിയിലും ഭൂകമ്പത്തിലും പെട്ടാണ് 25,000ത്തോളം ആളുകള്‍ മരിക്കുകയും മറ്റ് നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടുള്ളത്.

ചുരുക്കി പറഞ്ഞാല്‍ ആണവാപകടം നിമിത്തം ലോകത്ത് ആരെങ്കിലും മരണപ്പെട്ടിട്ടുണ്ടെങ്കില്‍ അത്  ചെര്‍ണോബില്‍ അപകടത്തില്‍ മാത്രമാണ്. ഈ പറഞ്ഞ മൂന്ന് അപകടങ്ങളില്‍ തന്നെ നിര്‍മ്മാണത്തിന്റെയും മനുഷ്യന്റെയും പിഴവ് കൊണ്ട് അപകടം ഉണ്ടായത്  ചെര്‍ണോബില്‍ മാത്രമാണ് താനും. ഫുക്കുഷിമയില്‍ സംഭവിച്ചത് ഭൂകമ്പവും സുനാമിയും ഒരുമിച്ച് വന്നത്കൊണ്ടാണ്. അല്ലാതെ നിര്‍മ്മാണത്തിലെ തകരാറ് കൊണ്ടല്ല. അന്ന് സംഭവിച്ചത് പോലെ സുനാമിയും ഭൂകമ്പവും ഒരുമിച്ച് വന്നില്ലായിരുന്നുവെങ്കില്‍ ഫുക്കുഷിമ ആണവനിലയം ഇപ്പോഴും പതിവ് പോലെ പ്രവര്‍ത്തിക്കുന്നുണ്ടാകുമായിരുന്നു. അപ്പോള്‍ ഭൂകമ്പവും സുനാമിയും ഒരുമിച്ച് വന്നാല്‍ ഒരാണവനിലയം അപകടത്തില്‍ പെടുമെങ്കില്‍ നമ്മുടെ മുന്നിലുള്ള പോംവഴി എന്താണ്? എല്ലാ ആണവനിലയങ്ങളും അടച്ചുപൂട്ടലും പുതിയവ നിര്‍മ്മിക്കാതിരിക്കലുമാണോ അതോ ഭൂകമ്പവും സുനാമിയും വരാന്‍ സാധ്യത ഇല്ല്ല്ലാത്ത സ്ഥലത്ത് ആണവനിലയം സ്ഥാപിക്കലോ? അതാണ് കൂടംകുളത്ത് ചെയ്തിട്ടുള്ളത്.

എന്താണ് ഫുക്കുഷിമയില്‍ സംഭവിച്ചത് എന്ന് നോക്കാം. 2011 മാര്‍ച്ച് 11ന് റിക്ടര്‍ സ്കെയിലില്‍ 8.9 അടയാളപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്ന് ഫുകുഷിമാ ആണവ റിയാക്ടറില്‍ ഘടിപ്പിച്ചിട്ടുള്ള Control Rods  താനാകവേ ഇറങ്ങി Nuclear chain reaction നിര്‍ത്തുകയുണ്ടായി. അപ്പോള്‍ റിയാക്ടറില്‍ ഉള്ള  Decay heat എന്ന ചൂട് തണുപ്പിക്കുന്നതിന് വേണ്ടിയുള്ള എലക്ട്രിക്ക് പമ്പ് പ്രവര്‍ത്തിച്ചില്ല. ഭൂകമ്പം നിമിത്തം വൈദ്യുതി നിലച്ചത്കൊണ്ടാണ് അങ്ങനെ സംഭവിച്ചത്.  ഇത്തരം ഘട്ടങ്ങളില്‍ എലക്ട്രിക്ക് പമ്പ് പ്രവര്‍ത്തിക്കുന്നതിന് ഡീസല്‍ ജനറേറ്റര്‍ ഉണ്ടാവും.  ദൌര്‍ഭാഗ്യവശാല്‍ ഭൂകമ്പവും സുനാമിയും ഒരുമിച്ച് വന്നപ്പോള്‍ ഉണ്ടായ വെള്ളപ്പെരുക്കില്‍ ഡീസല്‍ ജനറേറ്റര്‍ മുങ്ങിപ്പോയി.  ഈ സാഹചര്യത്തില്‍ ECCS എന്നു പറയുന്ന Emergency Core Cooling System പ്രവര്‍ത്തനരഹിതമായിപ്പോയി. അപ്പോള്‍ അതിചൂടുള്ള Zirconium alloy എന്ന ലോഹം നീരാവി കലര്‍ന്ന് ഹൈഡ്രജന്‍ വാതകം രൂപപ്പെടാന്‍ തുടങ്ങി.  ഈ ഹൈഡ്രജന്‍ വാതകം  കൂടുതലായി ഘനീഭവിച്ച് ആണവപ്ലാന്റിന്റെ കെട്ടിടത്തിന്റെ പുറത്തേക്ക് വ്യാപിച്ചു.  ഇതാണ് ആളുകള്‍ ടെലിവിഷനില്‍ കണ്ട പുകപടലം.  ഇതില്‍ നിന്നും ഈ ദുരന്തം നടന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1) ഭൂകമ്പം.  2)  സുനാമി. 3) ഡീസല്‍ ജനറേറ്റര്‍ പ്രവര്‍ത്തനരഹിതമായത്.  4) ഒരു വിദ്യുച്ഛക്തിയും ഇല്ലാതെ റീയാക്ടര്‍ തണുപ്പിക്കുന്നതിനാവശ്യമായ സുരക്ഷാസംവിധാനം ഇല്ലാത്തത്. 5) ആണവപ്ലാന്റിന്റെ കെട്ടിടത്തിനകത്ത് രൂപം കൊണ്ട ഹൈഡ്രജന്‍ വാതകത്തെ ആഗിരണം ചെയ്യാനുള്ള ഉപകരണങ്ങള്‍ ഇല്ലാത്തത്.

ഫുക്കുഷിമയില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് കൂടംകുളം. പ്രധാനപ്പെട്ട കാര്യം ഫുക്കുഷിമയിലേത് പഴയ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കപ്പെട്ടത് ആയിരുന്നെങ്കില്‍ കൂടംകുളത്തേത് നവീനമായ മൂന്നാം തലമുറ ടെക്നോളജി ഉപയോഗിച്ച് നിര്‍മ്മിക്കപ്പെട്ടതാണ്.  ഫുക്കുഷിമയും കൂടംകുളവും നമുക്കൊന്ന് താരതമ്യം ചെയ്തുനോക്കാം:

ഭൂകമ്പം :  ജപ്പാന്‍ ഭൂകമ്പങ്ങളുടെ നാടാണ് എന്ന് എല്ലാവര്‍ക്കുമറിയാം. 7 റിക്ടര്‍ സ്കെയില്‍ അളവില്‍ വരെ ഭൂകമ്പങ്ങള്‍ അവിടെ സാധാരണയാണ്. എന്നാല്‍ കൂടംകുളം ഭൂകമ്പസാധ്യത ഇല്ലാത്ത seismic zone 2 ലാണ് ഉള്ളത്.  അതായത് കൂടംകുളത്ത് ഭൂകമ്പം ഉണ്ടാവാനുള്ള സാധ്യത വളരെ വിരളമാണ്.

സുനാമി : സുനാമി എന്ന വാക്ക് തന്നെ ജപ്പാനിലാണ് ഉണ്ടായത് എന്ന് അറിയാമല്ലൊ. Harbour wave എന്നാണ് ജപ്പാന്‍ ഭാഷയില്‍ സുനാമിയുടെ അര്‍ത്ഥം. 14 മീറ്ററില്‍ കൂടുതല്‍ ഉയരത്തിലുള്ള തിരമാലകളാണ് ഫുകുഷിമയെ വിഴുങ്ങാന്‍ വന്നത്. 2004 ല്‍ ചെന്നൈയിലും തമിഴ്നാടിന്റെ മറ്റ് കടലോര പ്രദേശങ്ങളിലും സുനാമി അടിച്ചത്കൊണ്ട് ഫുകുഷിമയില്‍ വന്നത് പോലെഉള്ള സുനാമി കൂടംകുളത്തും വന്നുകൂടേ എന്ന് ന്യായമായും ചോദിക്കാം. സുനാമി പോലുള്ള വന്‍ തിരമാലകള്‍ രൂപംകൊള്ളുന്ന സ്ഥലങ്ങളെ  tsunamigenic fault  എന്നാണ് പറയുക. ഇങ്ങനെയുള്ള സ്ഥലത്ത് ഉടലെടുക്കുന്ന സുനാമിയുടെ തിരമാലകളുടെ ഉയരം അത് സഞ്ചരിക്കുന്ന ദൂരത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ദൂരം കുറയുമ്പോള്‍ തിരമാലകളുടെ ഉയരം കൂടുകയും , ദൂരം കൂടുമ്പോള്‍ ഉയരം കുറയുകയും ചെയ്യും. ജപ്പാനില്‍ ഈ സുനാമി രൂപം കൊണ്ട fault ഫുകുഷിമാവില്‍ നിന്ന്130 കി.മീ. മാത്രം അകലെയാണ്. അത്കൊണ്ടാണ് അത്രയും ഭീമാകാരമായ തിരമാലകള്‍ അവിടെ ആഞ്ഞടിച്ചത്. എന്നാല്‍  സുനാമി രൂപം കൊള്ളുന്ന fault ല്‍ നിന്ന് 1300 കി.മീ. അകലെയാണ് കൂടംകുളം സ്ഥിതി ചെയ്യുന്നത്. അതായത് കൂടംകുളത്തെ സുനാമി ആക്രമിച്ചാല്‍ തന്നെ ആ കടല്‍ത്തീരത്ത് എത്തുന്ന തിരമാലകളുടെ ഉയരം ഏറിയാല്‍ 3മീറ്റര്‍ ആയിരിക്കും.  സമുദ്രനിരപ്പില്‍ നിന്ന് 9 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിച്ചിട്ടുള്ള കൂടംകുളം പ്ലാന്റിനെ സുനാമി ഒരു തരത്തിലും ബാ‍ധിക്കുകയില്ല എന്നു പറയുന്നത് ഇത്കൊണ്ടാണ്.

ഡീസല്‍ ജനറേറ്റര്‍ : ഫുകുഷിമാവില്‍ ഡീസല്‍ ജനറേറ്റര്‍ താഴ്ന്ന ഇടത്തില്‍ സ്ഥാപിച്ചത്കൊണ്ട് വെള്ളത്തിനടിയില്‍ മുങ്ങിപ്പോയി. എന്നാല്‍ കൂടംകുളത്ത് ഡീസല്‍ ജനറേറ്റര്‍ 9.3 മീറ്റര്‍ ഉയരത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്. മാത്രമല്ല കൂടംകുളത്ത് ഒരു റീയക്ടറിന് 4 ഡീസല്‍ ജനറേറ്റര്‍ സ്ഥാപിച്ചിട്ടുണ്ട്.

വിദ്യുച്ഛക്തി ഇല്ലാതെ റീയാക്ടര്‍ തണുപ്പിക്കുന്നതിനാവശ്യമായ സുരക്ഷാസംവിധാനം : ഇത് വളരെ പ്രധാനപ്പെട്ട ഒരു സുരക്ഷാസംവിധാനമാണ്. ഫുകുഷിമാവില്‍ ഈ സംവിധാനം ഇല്ല്ലായിരുന്നു. ഒരു വേള നാല് ഡീ‍സല്‍ ജനറേറ്ററുകളും നിശ്ചലമാവുകയാണെങ്കില്‍  Passive heat removal system എന്ന അതിനൂതനമായ സുരക്ഷാസംവിധാനത്താല്‍ കൂടംകുളം പ്ലാന്റിലെ റീയാക്ടറുകള്‍ തണുപ്പിക്കും. അത്കൊണ്ട് ഒരു കാരണവശാലും ഫുകുഷിമായില്‍ സംഭവിച്ചത് പോലെ കൂടംകുളത്ത് Decay Heat എന്ന താപം തണുപ്പിക്കാതിരിക്കില്ല.

ഹൈഡ്രജന്‍ വാതകത്തെ ആഗിരണം ചെയ്യാനുള്ള ഉപകരണങ്ങള്‍ : ഹൈഡ്രജന്‍ വാതകത്തെ നിയന്ത്രിക്കാന്‍ കഴിയാതെ പോയതാണ് ഫുകുഷിമായില്‍ ഏര്‍പ്പെട്ട നാശനഷ്ടങ്ങള്‍ക്ക് അടിസ്ഥാനമായ മുഖ്യകാരണം. എന്നാല്‍ കൂടംകുളത്ത്  Hydrogen recombiner എന്ന ഉപകരണങ്ങള്‍ നിരവധി സ്ഥാപിച്ചിട്ടുള്ളത്കൊണ്ട് അഥവാ ഹൈഡ്രജന്‍ ഉണ്ടായാല്‍ തന്നെ  ഈ ഉപകരണങ്ങള്‍ ഹൈഡ്രജനെ ഓക്സിജനുമായി സംയോജിപ്പിച്ച് നീരാവിയാക്കി മാറ്റും. കൂടാതെ Core  Catcher എന്നൊരു പ്രധാനപ്പെട്ട സുരക്ഷിതസംവിധാനവും അവിടെ ഒരുക്കിയിട്ടുണ്ട്.

പൊതുവെ കരുതപ്പെടുന്നത് പോലെ ആണവ റിയാക്ടറുകള്‍ പൊട്ടിത്തെറിക്കുകയില്ല. പരിഷത്തിന്റെ ലഘുലേഖയില്‍ 15ആം പേജില്‍ ‘പല കാരണങ്ങളാലും റിയാക്ടറിലെ നീരാവി മര്‍ദ്ധം അതിര് കടന്ന് അത് പൊട്ടിത്തെറിക്കാം’ എന്ന് എഴുതിക്കാണുന്നു. പരിഷത്ത് ലഘുലേഖകര്‍ തന്നെ ഇങ്ങനെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമ്പോള്‍ എന്താ ചെയ്യുക!  വാസ്തവം പറഞ്ഞാല്‍ റിയാക്ടറുകള്‍ മര്‍ദ്ധം കൂടിയാല്‍ ഉരുകിപ്പോവുകയാണ് ചെയ്യുക. ഒരു പക്ഷെ എല്ലാ സുരക്ഷാസംവിധാനങ്ങളും പാളിപ്പോയി റിയാക്ടര്‍ ഉരുകിപ്പോയാലും അതൊന്നും പുറത്തേക്ക് പോകാതെ സംരക്ഷിക്കുന്ന ഒരു സംവിധാനമാണ് Core  Catcher എന്നത്. ഈ സംവിധാനം ഫുക്കുഷിമയില്‍ ഇല്ലായിരുന്നു. കാരണം അത് നിര്‍മ്മിക്കുന്ന കാലത്ത് ആ ടെക്നോളജി ലഭ്യമല്ലായിരുന്നു. ഇങ്ങനെ എല്ലാ വിധത്തിലും മുന്‍‌കരുതലും സുരക്ഷാസംവിധാനങ്ങളും ഒരുക്കിയിട്ടുള്ള കൂടംകുളം ആണവനിലയത്തെ 50വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിച്ച ഫുക്കുഷിമാ ആണവനിലയത്തോട് താരതമ്യപ്പെടുത്തി ഭയപ്പെടുന്നതിലോ ഭയം ജനിപ്പിക്കുന്നതിലോ യാതൊരു അര്‍ത്ഥവുമില്ല.

അപകടങ്ങള്‍ എല്ലാ രംഗത്തും ഉണ്ടാകാറുണ്ട്. പക്ഷെ അതിന്റെ പേരില്‍ നാം വാഹനയാ‍ത്രയോ വ്യവസായങ്ങളോ ഒന്നും വേണ്ടെന്ന് വയ്ക്കാറില്ലല്ലൊ എന്ന് ചോദിച്ചിട്ട് പരിഷത്ത് ലഘുലേഖകന്‍ അപകടങ്ങളെക്കുറിച്ച് കാ‍ല്പനികമായി തന്നെ വിവരിക്കുന്നുണ്ട്. മനുഷ്യസാധ്യമായ സുരക്ഷാസംവിധാനങ്ങള്‍ മാത്രമല്ലെ നമുക്ക് ഒരുക്കാന്‍ പറ്റൂ. അതിനപ്പുറത്ത് അജ്ഞാത കാരണങ്ങള്‍ കൊണ്ട് ഉണ്ടാകുന്ന അപകടങ്ങളെ എങ്ങനെയാണ് മുന്‍‌കൂട്ടി കാണാന്‍ കഴിയുക? പരിഷത്ത് പറയുന്നത്, കൂടംകുളത്തായാ‍ലും മറ്റേതൊരു റിയാക്ടറില്‍ ആയാലും അപകടം ഒരിക്കലും ഉണ്ടാവില്ല എന്ന് ആര്‍ക്കും ഉറപ്പ് പറയാന്‍ കഴിയില്ല എന്നാണ്. ഈ ഉറപ്പില്ലായ്മ ആണവറിയാക്ടറുകള്‍ക്ക് മാത്രമാണോ? മനുഷ്യന്റെ ഏത് സംരഭത്തിനാണ് അപകടം ഉണ്ടാവില്ല എന്ന് ഉറപ്പ് പറയാന്‍ കഴിയുക? ആണവറിയാക്ടറുകള്‍, അതില്‍ നിന്നുണ്ടാകുന്ന അപകടം അല്ലെങ്കില്‍ അതുണ്ടാക്കുന്ന അപകടം  ഒഴിവാക്കാന്‍ മാത്രമേ സുരക്ഷാസംവിധാനങ്ങള്‍ കൊണ്ട് കഴിയൂ. അമേരിക്കയില്‍ ഇപ്പോള്‍ ആഞ്ഞടിച്ച സാന്‍ഡി പോലെ അതിന്റെ എത്രയോ ഇരട്ടി ശക്തിയുള്ള കൊടുങ്കാറ്റും പേമാരിയും വന്നാല്‍ എന്ത് ചെയ്യും? അഭൂതപൂര്‍വ്വമായ പ്രളയത്തില്‍ ഒരു ഭൂഖണ്ഡം തന്നെ ഒലിച്ചുപോയാലോ അല്ലെങ്കില്‍ ശൂന്യാകാശത്തില്‍ നിന്ന് ഭീമാകാരമായ ഉല്‍ക്ക ഭൂമിയില്‍ പതിച്ചാലോ എന്ത് ചെയ്യാന്‍ സാധിക്കും? സാങ്കല്പികമായ അപകടഭീതിയ്ക്ക് ഉത്തരം പറയാന്‍ അര്‍ക്കും കഴിയുകയില്ല.

എന്ത്കൊണ്ടാണ് ശാസ്ത്രപരിഷത്ത് ആണവനിലയങ്ങളെ എതിര്‍ക്കുന്ന നിലപാടിലേക്ക് എത്തിച്ചേര്‍ന്നത് എന്ന് ചോദിച്ചാല്‍ വിചിത്രമായ മറുപടിയാണ് ലഭിക്കുക. പരിഷത്ത് ലഘുലേഖയുടെ 24ആം പേജില്‍ പറയുന്നു: ‘ആധുനിക ശാസ്ത്രസാങ്കേതിക വിദ്യകളുടെ മകുടമണി എന്ന് വാഴ്ത്തപ്പെട്ട  ആണവവിദ്യ പൂര്‍ണ്ണതയിലെത്തും മുന്‍പേ കാലഹരണപ്പെട്ടുപോയ ഒരു സാങ്കേതിക വിദ്യയാണ്. സൌരോര്‍ജ്ജത്തിലും പവനോര്‍ജ്ജത്തിലും വന്ന പുത്തന്‍ കുതിപ്പുകളാണ് അതിനെ കാലഹരണപ്പെടുത്തിയത്. ആ അര്‍ത്ഥത്തില്‍ ഇനിയും ആണവോര്‍ജ്ജത്തെ മുറുകെപ്പിടിക്കുന്നത് പിന്തിരിപ്പന്‍ സമീപനമാണ്”

എന്താണ്, സൌരോര്‍ജ്ജ സാങ്കേതികവിദ്യയിലും പവനോര്‍ജ്ജത്തിലും വന്ന പുത്തന്‍ കുതിപ്പുകള്‍? പരിഷത്ത് തന്നെ പറയുന്നു:‘സൌരോര്‍ജ്ജത്തിന്റെ കാര്യത്തില്‍ ചില സാങ്കേതിക മുന്നേറ്റങ്ങള്‍ കൂടി നടത്തേണ്ടതുണ്ട്. അതായത് സൌരോര്‍ജ്ജ വൈദ്യുതിയെ സംബന്ധിച്ചിടത്തോളം ഒരു പ്രധാനപ്രശ്നത്തിന് പരിഹാരം കാണണം. സൌരോര്‍ജ്ജം കൊണ്ട് ഉല്പാദിപ്പിക്കുന്ന വൈദ്യുതി സൂക്ഷിച്ചുവെക്കാനുള്ള വഴി കണ്ടെത്തണം എന്നതാണത്. സൌരോര്‍ജ്ജം പകലാണല്ലൊ കിട്ടുക. വൈദ്യുതിയാണെങ്കില്‍ രാവും പകലും ആവശ്യമുണ്ട്. അതിനുള്ള വഴി കണ്ടെത്താന്‍ എല്ലാ രാജ്യങ്ങളും മുന്‍‌ഗണന കൊടുക്കണം’

സംഗതി പിടികിട്ടിക്കാ‍ണുമല്ലൊ. സൌരോര്‍ജ്ജവും പവനോര്‍ജ്ജവും കൊണ്ട് വൈദ്യുതി ഉല്പാദിപ്പിച്ച് അവ ശേഖരിച്ച് വെച്ച് വാണിജ്യാടിസ്ഥാനത്തില്‍ വിതരണം ചെയ്യാനുള്ള സാങ്കേതിക വിദ്യ നിലവിലില്ല. ലളിതമായി പറഞ്ഞാല്‍ സൌരോര്‍ജ്ജം കൊണ്ട് ഒരു ബള്‍ബ് കത്തുമ്പോഴാണ് ആ‍ ബള്‍ബ് കത്താനുള്ള വൈദ്യുതി ഉല്പാദിപ്പിക്കപ്പെടുന്നത്. വീടുകളിലൊക്കെയാണെങ്കില്‍ സൂര്യറാന്തല്‍ ഒക്കെ മതി. നിലവില്‍ ജലവൈദ്യുതി നിലയങ്ങളില്‍ നിന്നോ താപ- ആണവ നിലയങ്ങളില്‍ നിന്നോ വൈദ്യുതി ഉല്പാദിപ്പിച്ച് രാവും പകലും അനുസ്യൂതമായി വിതരണം ചെയ്യുന്ന പോലെ സൌരോര്‍ജ്ജവും പവനോര്‍ജ്ജവും കൊണ്ട് കഴിയില്ല. എന്നിട്ടാണ് സൌരോര്‍ജ്ജ രംഗത്തെ പുത്തന്‍ കുതിപ്പ് , നാലാം തലമുറയിലേക്ക് പുരോഗമിക്കുന്ന ആണവ സാങ്കേതിക വിദ്യയെ കാലഹരണപ്പെടുത്തി എന്ന് പരിഷത്ത് മേനി പറയുന്നത്.

എങ്കില്‍ തന്നെയും പരിഷത്തിന് രണ്ട് നിര്‍ദ്ദേശങ്ങളുണ്ട്. (പേജ്:21) ഒന്ന്, പകല്‍ ഉല്പാദിപ്പിക്കുന്ന അധിക വൈദ്യുതി ഉപയോഗിച്ച് ഹൈഡ്രജന്‍ ഉണ്ടാക്കുക. അത് സൂക്ഷിച്ചുവെച്ച് ആവശ്യാനുസരണം വൈദ്യുതി ഉല്പാദിപ്പിക്കാം. രണ്ടാമത്തെ വഴി,  പകല്‍ ഉല്പാദിപ്പിക്കുന്ന അധിക വൈദ്യുതി ഉപയോഗിച്ച് വെള്ളമോ വായുവോ പമ്പ് ചെയ്ത് ഉന്നത മര്‍ദ്ധത്തില്‍ ശേഖരിച്ചുവെച്ച് പമ്പ്‌ഡ് സ്റ്റോറേജ് മെത്തേഡില്‍ ആവശ്യാനുസരണം വൈദ്യുതി ഉല്പാദിപ്പിക്കാം.  ഈ സാങ്കേതിക വിദ്യ തെളിഞ്ഞുവരും വരെ എണ്ണ , ഗ്യാസ്, കല്‍ക്കരി എന്നീ ഫോസില്‍ ഇന്ധനങ്ങളെ കുറെക്കാലത്തേക്ക് കൂടി ആശ്രയിച്ചേ മതിയാകൂ എന്നും പരിഷത്ത് നിര്‍ദ്ദേശിക്കുന്നു.

ഇതില്‍ രണ്ട് പ്രശ്നങ്ങളുണ്ട്. ഒന്ന്, പകല്‍ സമയത്ത് സൌരോര്‍ജ്ജം ഉപയോഗിച്ച് ഈ ആവശ്യത്തിനായി അധികവൈദ്യുതി ഉണ്ടാക്കാ‍ന്‍ കഴിയുമോ? കഴിഞ്ഞാല്‍ തന്നെയും എപ്പോഴാണ് ഈ സാ‍ങ്കേതിക വിദ്യ തെളിഞ്ഞുവരിക? സൌരോര്‍ജ്ജം ഉപയോഗിച്ച് ഹൈഡ്രജന്‍ ഉണ്ടാക്കി സൂക്ഷിച്ച് വെച്ച് വൈദ്യുതി ഉണ്ടാക്കാം എന്നൊക്കെ പറയുന്നത് അറ്റം കാണാത്ത റിസര്‍ച്ച് ഫീല്‍ഡാണ്. ഇത്രയും വലിയ അളവില്‍ ഹൈഡ്രജന്‍ സൂക്ഷിക്കാനുള്ള സാമ്പത്തികപരമായും പ്രായോഗികപരമായും ഉള്ള മാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെ ഇതുവരെ നിലവില്‍ വന്നിട്ടില്ല. അത്പോലെ തന്നെ ആണവോര്‍ജ്ജം വഴി ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്ന അത്രയും വൈദ്യുതി, പവനോര്‍ജ്ജമോ സൌരോര്‍ജ്ജമോ ഉപയോഗിച്ച്  വെള്ളം പമ്പ് ചെയ്ത് അതിനെ  പൊട്ടന്‍ഷ്യല്‍ എനര്‍ജിയാക്കി മാറ്റി ഉല്പാദിപ്പിക്കാം എന്നൊക്കെ പറയുന്നത് ഇന്നത്തെ നിലയില്‍ ഭാവനയില്‍ കവിഞ്ഞ മറ്റൊന്നുമല്ല.

ഇങ്ങനെയൊക്കെയാണെങ്കിലും, സൌരോര്‍ജ്ജം ഉപയോഗിച്ച് നീരാവിയുണ്ടാക്കി ടര്‍ബൈന്‍ കറക്കി വൈദ്യുതി ഉല്പാദിപ്പിക്കുന്ന സോളാര്‍ തെര്‍മല്‍ പവര്‍ പ്ലാന്റുകളും ലോകത്ത് നിലവില്‍ വന്നിട്ടുണ്ട്. ഇന്ത്യയിലും ആ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. ലോകത്ത് ഇന്ന് നിലവിലുള്ള നൂറോളം സോളാര്‍ തെര്‍മല്‍ പവര്‍ പ്ലാന്റുകളില്‍ നിന്ന് ഉല്പാദിപ്പിക്കുന്ന ആകെ വൈദ്യുതി 4,000 മെഗാവാട്ട് ആണ്. കൂടംകുളത്തെ രണ്ട് യൂനിറ്റ് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ തന്നെ 2,000 മെഗാവാട്ട് ഉല്പാദിപ്പിക്കാന്‍ കഴിയും. ആകെ 4,000 മെഗാവാട്ട് വൈദ്യുതി ഉല്പാദിക്കാന്‍ കഴിയുന്ന 4റിയാക്ടറുകളാണ് കൂടംകുളത്ത് വിഭാവനം ചെയ്യുന്നത്.

ഇന്ത്യയില്‍ ഇന്ന് ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 66 ശതമാനവും കല്‍ക്കരി ഇന്ധനമായി ഉപയോഗിക്കുന്ന തെര്‍മല്‍ പ്ലാ‍ന്റുകളില്‍ നിന്നാണ്. കല്‍ക്കരിയുടെ ലഭ്യത ഏറിയാല്‍ ഇനി 40 കൊല്ലത്തേക്ക് മാത്രമേയുണ്ടാകൂ. മാത്രമല്ല കല്‍ക്കരി ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കുമ്പോള്‍ ഉണ്ടാകുന്ന ആഗോളതാപനത്തെ താങ്ങാന്‍ നമ്മുടെ ഭൂമിക്ക് എത്ര കാലം താങ്ങാന്‍ കഴിയുമെന്ന ചോദ്യവുമുണ്ട്.

ആണവനിലയങ്ങളില്‍ നിന്ന് വെറും 3 ശതമാനം വൈദ്യുതിയാണ് നാം ഇപ്പോള്‍ ഉല്പാദിപ്പിക്കുന്നത്. അതായത് ഇന്ത്യയില്‍ നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 20 റിയാക്ടറുകളില്‍ നിന്ന് ആകെ ഉല്പാദിപ്പിക്കാന്‍ കഴിയുന്നത് 4385 മെഗാവാട്ട് വൈദ്യുതി മാതമാണ്. കൂടംകുളത്ത് ഒരു യൂനിറ്റില്‍ നിന്ന് മാത്രം 1000മെഗാവാ‍ട്ട് ഉല്പാദിപ്പിക്കാന്‍ കഴിയും.അത് മാത്രമല്ല കല്‍ക്കരിശേഖരം തീര്‍ന്നു പോകുന്ന സാഹചര്യത്തില്‍ ഊര്‍ജ്ജസുരക്ഷ കൈവരിക്കണമെങ്കില്‍ നാം കൂടുതല്‍ കൂടുതലായി ആണവനിലയങ്ങളെ ആശ്രയിച്ചേ മതിയാകൂ. സൌരോര്‍ജ്ജത്തെയും പവനോര്‍ജ്ജത്തെയും അങ്ങനെ എല്ലാ ഊര്‍ജ്ജസ്രോതസ്സുകളെയും വൈദ്യുതിയുല്പാദനത്തിനായി നാം ആശ്രയിക്കേണ്ടതുണ്ട്. എന്തെന്നാല്‍ നമുക്ക് പിറകോട്ട് പോകാന്‍ കഴിയില്ല. വൈദ്യുതിയുടെ ആവശ്യം പെരുകിപ്പെരുകി എത്ര കിട്ടിയാലും തികയില്ല എന്ന അവസ്ഥയിലാണ് നമ്മള്‍ ഇപ്പോള്‍ ഉള്ളത്. പാചകാവശ്യത്തിനും ഇപ്പോള്‍ വൈദ്യുതി ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു.

ഈ സാഹചര്യത്തില്‍ ആണവവൈദ്യുതിയോട് അയിത്തം കല്‍പ്പിക്കേണ്ട കാര്യമെന്താണ്? എന്താണ് അതിന്റെ കുഴപ്പം? ആണവമാലിന്യങ്ങളെ പറ്റിയാണ് മറ്റൊരു ആശങ്ക. പൊതുവെ രണ്ട് തരത്തിലുള്ള മാലിന്യങ്ങളാണ് റീയാക്ടറുകളില്‍ ഉണ്ടാവുക. ഒന്നാമത്തേത്, റിയാക്ടറുകളില്‍ ഉപയോഗിക്കുന്ന ഇന്ധനേതര പദാര്‍ത്ഥങ്ങളാണ്. ഒരു വേള ആണവികിരണം അതില്‍ ഏറ്റിരിക്കാമെന്നത്കൊണ്ട് അതൊക്കെ കോണ്‍ക്രീറ്റ് അറയില്‍ സൂക്ഷിക്കുകയാണ് ചെയ്യുക. 7 വര്‍ഷം കഴിഞ്ഞാല്‍ അതൊക്കെ വീണ്ടും എടുത്ത് റി-സൈക്കിള്‍ ചെയ്ത് ഉപയോഗിക്കാം. രണ്ടാമത്തെ ആണവമാലിന്യം എന്ന് പറയുന്നത് ഇന്ധനം അതായത് യുറേനിയം ഉപയോഗിച്ചു കഴിഞ്ഞാല്‍ അവശേഷിക്കുന്നതാണ്. ഇതിന് സ്പെന്റ് ഫ്യൂവല്‍(Spent fuel)എന്നാണ് പറയുക. ഒരു കിലോഗ്രാം യൂറേനിയം 10ഗ്രാം സ്പെന്റ് ഫ്യൂവല്‍ ആണ് അവശേഷിപ്പിക്കുന്നത്. അമേരിക്ക ഈ അവശിഷ്ടം ഭൂമിക്കടിയില്‍ സുരക്ഷിതമായ അറകള്‍ ഉണ്ടാക്കി സൂക്ഷിക്കുകയാണ്. ചെയ്യുന്നത്.  എന്നാല്‍ ഫ്രാന്‍സ് ഇത് വിജയകരമായി റി-സൈക്കിള്‍ ചെയ്ത് വീണ്ടും ഇന്ധനമായി ഉപയോഗിക്കുന്നു.

കൂടംകുളം ആണവനിലയം നാലാം തലമുറയില്‍ പെട്ട പവര്‍ പ്ലാന്റ് ആയി വികസിപ്പിക്കാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. അതായത് അവിടെ ഇന്ധനമായി ഉപയോഗിക്കുന്ന യുറേനിയം ഉപയോഗിച്ചു കഴിഞ്ഞാല്‍ ശേഷിക്കുന്ന സ്പെന്റ് ഫ്യൂ‍വല്‍ 75ശതമാനവും തോറിയം ഉപയോഗിച്ച് റി-പ്രോസസ്സ് ചെയ്ത് വീണ്ടും ഇന്ധനമായി ഉപയോഗിക്കാന്‍ സാധിക്കും. നൂറ് ശതമാനം സ്പെന്റ് ഫ്യൂവലും പ്രോസസ്സ് ചെയ്ത് വീണ്ടും ഉപയോഗിക്കാന്‍ കഴിയും എന്ന് പ്രതീക്ഷയുണ്ട്. അതിനും വേണ്ടിയുള്ള ഗവേഷണത്തിലാണ് ഇന്ത്യയിലെ ന്യൂക്ലിയര്‍ ശാസ്ത്രസമൂഹം. നമ്മുടെ രാജ്യത്ത് വന്‍പിച്ച തോറിയം നിക്ഷേപം ഉണ്ടെന്ന് പറയേണ്ടതില്ലല്ലൊ. അങ്ങനെ വരുമ്പോള്‍ ആണവമാലിന്യം എന്ന പ്രശ്നം ഉദിക്കുന്നില്ല എന്ന് മാത്രമല്ല, തോറിയം ബേസ്‌ഡ് ആയിട്ടുള്ള ടെക്നോളജി നമുക്ക് വികസ്വരരാജ്യങ്ങള്‍ക്ക് വില്‍ക്കാനും കഴിയും.

കൂടംകുളം പദ്ധതിയെ സമരം ചെയ്ത് തോല്‍പ്പിക്കുക എന്ന് പറഞ്ഞാ‍ല്‍ തോല്‍ക്കപ്പെടുക കേവലം ഒരു ആണവനിലയം മാത്രമല്ല. തദ്ദേശീയമായി വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന നാലാം തലമുറ ആണവ സാങ്കേതികവിദ്യയും അറുപതോളം വര്‍ഷങ്ങളായി നാം സ്വരുക്കൂട്ടുന്ന വൈജ്ഞാനിക നിക്ഷേപങ്ങളും ഭാവിയിലെ നമ്മുടെ ഊര്‍ജ്ജ സുരക്ഷയുമാണ്. അതായിരിക്കാം അമേരിക്കന്‍ ആണവലോബിയും ആഗ്രഹിക്കുന്നത്. കൂടംകുളത്ത് സമരം നയിക്കുന്ന ഉദയകുമാര്‍ ആണവ വിദഗ്ദ്ധ സമിതിയോട് 50 ചോദ്യങ്ങള്‍ ചോദിക്കുകയുണ്ടായി. ഈ ചോദ്യങ്ങള്‍ അത്രയും ജനങ്ങളുടെ സുരക്ഷയെ കരുതിയുള്ള ചോദ്യങ്ങള്‍ മാത്രമല്ല. അന്യരാജ്യങ്ങളുടെ കൈകളില്‍ എത്തിപ്പെട്ടാല്‍ നമ്മുടെ ആണവോര്‍ജ്ജ പദ്ധതികളുടെ രഹസ്യങ്ങള്‍ അവര്‍ക്ക് മനസ്സിലാ‍ക്കാന്‍ കഴിയുന്ന തരത്തില്‍ ഉത്തരങ്ങള്‍ പ്രതീക്ഷിക്കുന്ന ചോദ്യങ്ങളും അവയില്‍ ഉള്‍പ്പെട്ടത് യാദൃച്ഛികമാവാന്‍ ഇടയില്ല.


ലോകത്ത് ആണവ നിലയങ്ങള്‍ മൂടിക്കൊണ്ടിരിക്കുന്നു എന്നാണ് മറ്റൊരു പ്രചാരണം. എവിടെയാണ് മൂടിയത്? ജപ്പാനിലെ ആണവനിലയങ്ങള്‍ 2030ഓട് കൂടി പ്രവര്‍ത്തനം അവസാനിപ്പിക്കും എന്നാണ് അവര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അതായത് നിലവിലെ എല്ലാ നിലയങ്ങളും ഇനിയും 18 വര്‍ഷം കൂടി പ്രവര്‍ത്തിക്കും എന്ന്. ജര്‍മ്മനി പറയുന്നത് 2022ല്‍ ആണവ വൈദ്യുതനിലയങ്ങളില്‍ നിന്നുള്ള വൈദ്യുതോല്പാദനം അവര്‍ അവസാനിപ്പിക്കും എന്നാണ്. അതായത് ഇനിയും 10 കൊല്ലത്തേക്ക് ഒരു മാറ്റവും ഇല്ല എന്ന് അര്‍ത്ഥം. ഇത് കേട്ട് ലോകത്ത് മറ്റെല്ലാ രാജ്യങ്ങളും ആണവപ്ലാന്റുകള്‍ അടച്ചുപൂട്ടാന്‍ പോകുമ്പോള്‍ നമ്മളെന്തിനാണ് ആണവപദ്ധതിയുടെ പിന്നാലെ പോകുന്നത് എന്നാണ് ചിലര്‍ ചോദിക്കുന്നത്.

ജര്‍മ്മനി ഒരു വികസിത രാജ്യമാണ്. 2022ല്‍ അവിടെ ആണവനിലയം മതിയാക്കും എന്നു പറയുന്നത് 2011 മാര്‍ച്ചില്‍ ഫുകുഷിമായില്‍ സുനാമി അടിച്ചത്കൊണ്ടല്ല. അവിടെയുള്ള യുറേനിയം നിക്ഷേപം അപ്പോഴേക്കും തീര്‍ന്നുപോകും എന്ന് മുന്‍‌കൂട്ടി കണ്ടത്കൊണ്ടാ‍ണ്. അതായത് നമുക്ക് കല്‍ക്കരി നിക്ഷേപം തീര്‍ന്നുപോകുന്ന പോലെ അവര്‍ക്ക് യുറേനിയം അയിരിന്റെ നിക്ഷേപവും തീരാന്‍ പോവുകയാണ്.  യുറേനിയം ഇറക്കുമതി ചെയ്യുമ്പോള്‍ അതിന്  അധികം വില കൊടുക്കേണ്ടി വരും എന്നത്കൊണ്ടും പാരമ്പര്യേതര ഊര്‍ജ്ജം ഉപയോഗിച്ച് വൈദ്യുതി ഉല്പാ‍ദിപ്പിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യ അവര്‍ക്ക് ഉള്ളത്കൊണ്ടുമാണ് ദീര്‍ഘവീഷണത്തോടുകൂടി 2022ല്‍ ആണവനിലയങ്ങള്‍ നിര്‍ത്തിവെക്കുമെന്ന് അവര്‍ തീരുമാനിച്ചത്. അല്ലാതെ അപകടത്തെയോ റേഡിയേഷനെയോ പേടിച്ചിട്ടല്ല.  ജര്‍മ്മനിയുടെ എനര്‍ജി സെക്യുരിറ്റിക്ക് ഇനി ആണവവൈദ്യുതപദ്ധതി വേണ്ട എന്നത്കൊണ്ടാണ് അവരുടെ തീരുമാനം എന്ന് സാ‍രം. ഫുകുഷിമായില്‍ ഉണ്ടായ സുനാമിയും അവരുടെ തിരുമാനവും തമ്മില്‍ ബന്ധമില്ല. ഓരോ രാജ്യവും തങ്ങളുടെ സാമ്പത്തികസ്ഥിതിയും ആവശ്യങ്ങളും പ്രകൃതിവിഭവങ്ങളും കൈവശമുള്ള സാങ്കേതികവിദ്യയുടെയുമൊക്കെ അടിസ്ഥാനമാക്കിയാണ് പദ്ധതികള്‍ വിഭാവനം ചെയ്യുന്നത്. അത്കൊണ്ട് ഒരു രാജ്യത്തെ മറ്റൊരു രാജ്യത്തിന് അനുകരിക്കാന്‍ പറ്റില്ല.

അണുശക്തി മനുഷ്യരാശിക്ക് എതിരാണ് എന്ന തെറ്റായ പ്രചാ‍രണമാണ് നടക്കുന്നത്. ഇത് ദൌര്‍ഭാഗ്യകരമാണ്.  ന്യൂക്ലിയര്‍‌ ടെക്നോളജി എത്രയോ പേര്‍ക്ക് ആയുസ്സ് നീട്ടി നല്‍കുന്നുണ്ട് എന്ന് വിസ്മരിച്ചുകൂട. റേഡിയോതെറാപി ഒരു ഉദാ‍ഹരണം. ആരോഗ്യം, വൈദ്യം, ഭക്ഷണം, കൃഷി, കുടിനീര്‍ ഇങ്ങനെ എത്രയോ മേഖലകളില്‍ ന്യൂക്ലിയര്‍‌ സാങ്കേതിക വിദ്യ നമുക്ക് ഉപകരിക്കുന്നുണ്ട്. ന്യൂക്ലിയര്‍‌ ടെക്നോളജിയും ഊര്‍ജ്ജവും  ഒരു കാരണവശാലും നമുക്ക് ഒഴിവാക്കാന്‍ പറ്റാത്ത ഇക്കാലത്ത് വൈദ്യുതോല്പാദനത്തിന് മാത്രം അത് ഉപയോഗപ്പെടുത്തരുത് എന്ന് പറയുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണ്.  എക്സ്‌റേയും എം.ആര്‍‌.ഐ. സ്കാനിങ്ങും റേഡിയോതെറാപിയും എല്ല്ലാം റേഡിയേഷന്‍‌ എന്ന പ്രതിഭാസത്തെ അടിസ്ഥാനപ്പെടുത്തി തന്നെയാണ്. ആണവറിയാക്ടര്‍‌ എന്നാല്‍‌ ആറ്റം ബോംബ് ആണ് എന്ന മട്ടില്‍‌ പ്രചരിപ്പിച്ച് ആളുകളെ ഭയപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഒരു റിയാക്ടര്‍‌ സ്ഥാപിച്ചിട്ട് അതിന് വേണ്ടി പണി എടുത്ത ശാസ്ത്ര-സാങ്കേതിക വിദഗ്ദ്ധന്മാര്‍‌ അവിടെ നിന്ന് ഓടിപ്പോവുകയല്ല ചെയ്യുന്നത്.  തദ്ദേശവാസികളെ സുരക്ഷിതമായ അകലത്തില്‍‌ മാറ്റിപ്പാര്‍പ്പിച്ചിട്ട് അവരൊക്കെ കുടുംബസമേതം അവിടെ താമസിക്കുന്നുണ്ട്.  കൂടംകുളത്ത് റിയാക്ടറിന് സമീപം ഉള്ള ടൌണ്‍‌ഷിപ്പില്‍‌ ആയിരത്തോളം പേര്‍‌ കുട്ടികളടക്കം താമസിക്കും. കല്പാക്കത്തും ഇങ്ങനെ ടൌണ്‍‌ഷിപ്പ് ഉണ്ട്. ലോകത്തുള്ള നാനൂറിലധികം റിയാക്ടറുകളില്‍‌ ഇങ്ങനെ ലക്ഷക്കണക്കിന് സാങ്കേതിക വിദഗ്ദ്ധരും ജീവനക്കാരും താമസിക്കുന്നു. ദൂരെ മാറിത്താമസിക്കുന്ന ജനങ്ങളെപ്പറ്റി പറയുന്നവര്‍‌ ഈ ജീവനക്കാരെ പറ്റി പറയുന്നില്ല.

ആണവോര്‍ജ്ജം പോലെ തന്നെ പരിസ്ഥിതിക്ക് കോട്ടം വരുത്താത ക്ലീന്‍ എനര്‍ജി തന്നെയാണ് സൌരോര്‍ജ്ജവും കാറ്റും.  എന്നാല്‍ നമുക്ക് ആവശ്യമായ വൈദ്യുതി ഇപ്പറഞ്ഞ ഊര്‍ജ്ജം ഉപയോഗിച്ച് ഉല്പാദിപ്പിക്കാനുള്ള ശേഷിയോ ടെക്നോളജിയോ നമുക്ക് ഇന്നില്ല. ആ രംഗത്തും ഗവേഷണങ്ങളും മുതല്‍‌ മുടക്കലും നടക്കുന്നുണ്ട്.  അതേ സമയം നമുക്ക് ആവശ്യമുള്ള വൈദ്യുതോര്‍ജ്ജം മുഴുവന്‍ സൂര്യപ്രകാശത്തില്‍‌ നിന്നോ കാറ്റില്‍‌ നിന്നോ ഉല്പാദിപ്പിക്കാന്‍ കഴിയില്ല എന്ന യാഥാര്‍ഥ്യവും മനസ്സിലാക്കണം. കല്‍ക്കരി നിക്ഷേപം ശോഷിച്ചു വരുന്നതിനാലും അത് വന്‍ തോതില്‍‌ ആഗോളതാപനം ഉണ്ടാക്കുന്നതിനാലും നാം ബദല്‍‌ മാര്‍ഗ്ഗങ്ങള്‍ വികസിപ്പിച്ചേ പറ്റൂ. ആ നിലയ്ക്ക്, ആണവോര്‍ജ്ജത്തോടൊപ്പം സൌരോര്‍ജ്ജവും പവനോര്‍ജ്ജവും എല്ല്ലാം തന്നെ വൈദ്യുതി ഉല്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്നതാണ് ശരി. ആണവോര്‍ജ്ജത്തിനെതിരെ ഉന്നയിക്കുന്ന ഒരു വാദങ്ങള്‍ക്കും ശാസ്ത്രീയമായ യാതൊരു പിന്‍ബലവുമില്ല. അത്കൊണ്ട് കൂടംകുളം പ്ലാന്റ് എത്രയും പെട്ടെന്ന് ആരംഭിക്കുകയാണ് വേണ്ടത്.