Links

മാധ്യമവിചാരണ എന്ത്കൊണ്ട് ?

സഖാക്കള്‍, ഇടത് സഹയാത്രികര്‍ , ബുദ്ധിജീവികള്‍ ഒരു കാര്യം മനസ്സിലാക്കണം. വലത്പക്ഷമാധ്യമങ്ങളും മറ്റുള്ളവരും എല്ലാം ചേര്‍ന്ന് സി.പി.എമ്മിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നാണല്ലൊ നിങ്ങള്‍ പറയുന്നത്. ടി.പി.ചന്ദ്രശേഖരനെ കൊന്നതില്‍ പാര്‍ട്ടിക്ക് പങ്കില്ല എന്ന് വിശദീകരിക്കാന്‍ വേണ്ടി നാടൊട്ടാകെ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി മണക്കാട് ചേര്‍ന്ന മീറ്റിംഗിലാണ് എം.എം.മണി കുപ്രസിദ്ധമായ വണ്‍ റ്റൂ ത്രീ ഫോര്‍ പ്രസംഗം നടത്തിയത്.

ടി.പി.വധക്കേസില്‍ രജീഷും മറ്റ് കൊലയാളികളും പോലീസിന്റെ പിടിയില്‍ ആയപ്പോള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജയകൃഷ്ണന്‍ മാഷ് വധവും അത്പോലെ മറ്റ് പല കേസുകളും തുടരന്വേഷണത്തിനുള്ള സാധ്യതകള്‍ തുറന്നു വന്നിട്ടുള്ളത്. ഇതിന്റെയൊക്കെ വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ വരുന്നത്. ഈ വാര്‍ത്തകള്‍ അറിയാനുള്ള അവകാശം ജനങ്ങള്‍ക്കും അറിയിക്കാനുള്ള ബാധ്യത മാധ്യമങ്ങള്‍ക്കും ഉണ്ട്. ഇല്ലേ? കാരണം നമ്മുടേത് ഒരു ക്ലോസ്ഡ് സൊസൈറ്റി അല്ല. പരിഷ്കൃത ജനാധിപത്യസമൂഹമാണ്.

മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നതാണല്ലൊ പാര്‍ട്ടിക്കാരായ നിങ്ങളുടെ ഒക്കെ പ്രശ്നം. എന്നാല്‍ ഒന്നാലോചിക്കുക. ടി.പി.ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ കുടത്തില്‍ നിന്ന് തുറന്നുവിടപ്പെട്ട ഭൂതത്തെ പോലെ ഇത്രയധികം കേസുകള്‍ ഇപ്പോള്‍ സി.പി.എമ്മിനെ വേട്ടയാടുമായിരുന്നോ? സി.പി.എമ്മിനെതിരെ ഇങ്ങനെ മാധ്യമ വിചാരണ നടക്കുമായിരുന്നോ? ഇല്ല അല്ലേ?  അപ്പോള്‍ ടി.പി.ചന്ദ്രശേഖരനെ കൊല്ലേണ്ടിയിരുന്നില്ല എന്നോ കൊന്നത് തെറ്റായിപ്പോയി എന്നോ നിങ്ങള്‍ക്ക് തോന്നേണ്ടതല്ലേ?

അപ്പോഴും നിങ്ങള്‍ പ്രതിരോധിക്കാനാണ് ശ്രമിക്കുന്നത്. ടി.പി.യെ കൊന്നതില്‍ പാര്‍ട്ടിക്ക് പങ്കില്ല എന്ന്. ഇപ്പറയുന്നത് ആരെങ്കിലും വിശ്വസിക്കുമോ? ഇല്ല.സി.പി.എമ്മിന്റെ ചില നേതാക്കള്‍ പാര്‍ട്ടിക്ക് വേണ്ടി നടത്തിയ രാഷ്ട്രീയക്കൊലയാണ് ടി.പി.ചന്ദ്രശേഖരന്റേത് എന്ന് പകല്‍ പോലെ വ്യക്തം. മോഹനന്‍ മാഷ് ഗൂഢാലോചന നടത്തിയെങ്കില്‍ അതോ, കൊടി സുനിയും കൂട്ടരും 51വെട്ട് വെട്ടി ടി.പി.യെ കൊന്നതോ ആരുടെയും വ്യക്തിപരമായ ആവശ്യത്തിന് അല്ലായിരുന്നു. പാര്‍ട്ടിക്ക് വേണ്ടിയാണ്. ആ പാപമാണ് പാര്‍ട്ടിയെ വേട്ടയാടുന്നത്. അല്ലാതെ മാധ്യമങ്ങളല്ല.

ഇനി നിങ്ങളുടെ മുന്നിലുള്ള വഴി എന്താണ്? പാര്‍ട്ടിയോ പാര്‍ട്ടിക്കാരോ മൊത്തം അറിഞ്ഞിട്ടോ അറിയിച്ചിട്ടോ അല്ല ഓരോ കൊലയും നടക്കുന്നത്. പാര്‍ട്ടിക്ക് വേണ്ടി ചിലര്‍ കൊല്ലുന്നു. അപ്പോള്‍ കൊലപാതകികളെയും ആസൂത്രകരെയും പാര്‍ട്ടി സംരക്ഷിക്കുന്നു. പാര്‍ട്ടി അണികള്‍ ന്യായീകരിക്കുന്നു. ഇതാണ് നടന്നു വരാറുള്ളത്. ഈ സമീപനം നിങ്ങള്‍ ഒഴിവാക്കാന്‍ തയ്യാറുണ്ടോ? സംഭവിച്ചതെല്ലാം പറ്റിപോയി. കുറ്റം ചെയ്തവര്‍ അതിന്റെ ശിക്ഷ അനുഭവിക്കട്ടെ. പാര്‍ട്ടി കൊലപാതകരാഷ്ട്രീയം ഒഴിവാക്കുന്നു. ഇനി കൊല ചെയ്തു വരുന്ന ആരെയും പാര്‍ട്ടി സംരക്ഷിക്കില്ല എന്ന് പരസ്യമായി പ്രഖ്യാപിക്കാന്‍ തയ്യാറുണ്ടോ? ഇതാണ് വര്‍ത്തമാനകാലം നിങ്ങളോട് ചോദിക്കുന്നത്.

ഉത്തരം പോസിറ്റീവായാല്‍ പാര്‍ട്ടിക്ക് നല്ലത്. നെഗറ്റീവായാല്‍ തകര്‍ച്ചയെ നേരിടും. അപ്പോള്‍ മറ്റുള്ളവരാണ് തങ്ങളുടെ പാര്‍ട്ടിയെ തകര്‍ക്കുന്നത് എന്ന് വിലപിക്കരുത്.

കൊലക്കത്തികളുടെ കൊളീസിയം

മുഖവുര ആവശ്യമില്ല.


സി.പി.എമ്മിനെ മെരുക്കണം ..

മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ഒന്ന് മെരുക്കിയെടുക്കാനാണ്, മാര്‍ക്സിസ്റ്റ് അനുഭാവികളും മാര്‍ക്സിസ്റ്റ് വിരുദ്ധരുമായ എല്ലാവരും ചേര്‍ന്ന പൊതുസമൂഹം ശ്രമിക്കേണ്ടത്. എന്തെന്നാല്‍ ഇത് പോലെ പ്രാകൃതശൈലിയുള്ള ഒരു പാര്‍ട്ടി ആധുനിക കേരളത്തിന് ഭൂഷണമല്ല.  തങ്ങള്‍ക്ക് എന്തും ചെയ്യാം എന്തും പറയാം ആരുണ്ടിവിടെ ചോദ്യം ചെയ്യാന്‍ എന്ന നിലപാടിലാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍ പെരുമാറുന്നത്. തങ്ങള്‍ എന്ത് പറഞ്ഞാലും പ്രവര്‍ത്തിച്ചാലും പോലീസിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടാകരുത് എന്നവര്‍ പ്രതീക്ഷിക്കുന്നു. അങ്ങനെ ഉണ്ടായാല്‍ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും പാര്‍ട്ടി തീപ്പന്തമാകുമെന്നും ക്രമസമാധാന പ്രശ്നം ഉണ്ടാകും എന്നൊക്കെയാണ് അതിന്റെ നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നത്. അണികളാണെങ്കില്‍ കോടതിയെ വരെ കല്ലെറിയുന്നു.

തങ്ങളുടെ ചെയ്തികളെ കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വരരുത് എന്നവര്‍ പ്രതീക്ഷിക്കുന്നു. അപ്രകാരം വാര്‍ത്തകള്‍ വരുന്നത് പാര്‍ട്ടിയെ തകര്‍ക്കാനുള്ള വലത്പക്ഷ മാധ്യമ ഗൂഢാലോചന ആണത്രെ. അതേ സമയം അവര്‍ക്ക് അനുകൂലമാകുന്ന വാര്‍ത്തകളും അവരുടെ പ്രസ്താവനകളും മാധ്യമങ്ങളില്‍ വരികയും വേണം.  തങ്ങള്‍ പറയുന്നത് എന്തായാലും  അതൊക്കെ നല്ല വറ്റ് തിന്നുന്നവര്‍  ഈ ഇലക്ട്രോണിക്ക് യുഗത്തിലും  വിശ്വസിച്ചുകൊള്ളുമെന്ന് അവര്‍ കരുതുന്നു. ഈ ആധുനികകാലത്ത് ഒരു കാര്യവും രഹസ്യമാക്കി വെക്കാന്‍ കഴിയില്ല എന്നും സത്യം ഞൊടിയിടക്കുള്ളില്‍ ലോകം മുഴുക്കെ പരക്കുമെന്നും നുണ പറഞ്ഞാല്‍ തങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും മാര്‍ക്സിസ്റ്റ് നേതാക്കള്‍ മനസ്സിലാക്കുന്നില്ല.  ആശയനവീകരണക്ഷമത ഇല്ലാതെ പഴയ ഫ്യൂഡല്‍ ബോധത്തില്‍ നിന്ന് മാര്‍ക്സിസ്റ്റ് നേതാക്കള്‍ മോചിതരാകാത്തത്കൊണ്ടാണിത്. അമ്മാതിരി ആളുകളാണ് ആ പാര്‍ട്ടിയില്‍ നേതൃത്വശ്രേണിയില്‍ എത്തിപ്പെടുന്നത്.

ജനാധിപത്യ സംവിധാനങ്ങളെ പരമാവധി ദുരുപയോഗം ചെയ്യാനും അതേ സമയം ആ സംവിധാനങ്ങളെ കളങ്കപ്പെടുത്താനും ഒരേ സമയം പാര്‍ട്ടി ശ്രമിക്കുന്നു.  തനിക്കെതിരെയുള്ള FIR തള്ളിക്കളയാന്‍ എം.എം. മണി സുപ്രീം കോടതിയെ വരെ സമീപിക്കുന്നു. അതേ സമയം ടി.പി.വധക്കേസില്‍ അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്താനും തെളിവെടുപ്പിന് പോലീസ് പോകുമ്പോള്‍ അണികളെ നിരത്തി പ്രതിരോധിക്കുകയും ചെയ്യുന്നു.  ഫസലിനെ വധിച്ചിട്ട് അത് ആറെസ്സെസ്സിന്റെ തലയില്‍ കെട്ടിവെക്കാനും അങ്ങനെ വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാനും ശ്രമിച്ചു. ഫസലിന്റെ വിധവ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്‍കിയപ്പോള്‍ അതിനെ എതിര്‍ത്ത് ഇടത്പക്ഷ സര്‍ക്കാര്‍ , ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സുപ്രീം കോടതി വരെ പോയി എന്നത് കേരളീയര്‍ ലജ്ജിക്കേണ്ട സംഗതിയാണ്.

നാട്ടില്‍ ആളുകള്‍ മാര്‍ക്സിസ്റ്റ്പാര്‍ട്ടിയെ പറ്റി പറയാന്‍ ഭയപ്പെടുന്നു.ആ ഒരു ഭയമാണ് സിപി‌എമ്മിന്റെ നിലനില്പിനാധാരം. ഒരു ജനതയെ ഒന്നടങ്കം ഭയത്തിന്റെ പുതപ്പിനടിയില്‍ കിടത്തിയിട്ട് പ്രാകൃതമായ രീതിയില്‍ പാര്‍ട്ടി നടത്തിക്കൊണ്ടുപോയി , തങ്ങള്‍ പുരോഗമനക്കാരാണെന്ന് പറയുന്നത് കാപട്യവും തട്ടിപ്പുമാണ്. നേരെ ചൊവ്വെ, സുതാര്യമായും  ജനങ്ങളോട് കാര്യങ്ങള്‍ സത്യസന്ധമായി പറഞ്ഞും പാര്‍ട്ടി നടത്തിക്കൂടേ? അതിന് പാര്‍ട്ടി ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഉപകരണമായിരിക്കണം. ഇപ്പോള്‍ സി.പി.എം. എന്ന പാര്‍ട്ടി അതിന്റെ മെമ്പര്‍മാര്‍ക്കും നേതാക്കള്‍ക്കും ലാഭം ഉണ്ടാക്കിത്തരുന്ന ഒരു വ്യവസായസ്ഥാപനമായി മാറിയിട്ടുണ്ട്. അത്കൊണ്ടാണ് എന്തും ചെയ്തും പാര്‍ട്ടിയെ നിലനിര്‍ത്താന്‍ അവര്‍ ശ്രമിക്കുന്നത്. കേരളത്തില്‍ ഒരു ഇടത്പക്ഷം വേണമെന്ന് ആഗ്രഹിക്കുകയും സി.പി.എമ്മിന്റെ സഹയാത്രികരായിരിക്കുകയും ചെയ്യുന്ന ശുദ്ധാത്മാക്കള്‍ ഈ വ്യതിയാനം തിരിച്ചറിഞ്ഞിട്ടില്ല.

സി.പി.എം. തകരണമെന്ന് ആര്‍ക്കും ആഗ്രഹമുണ്ടാവുകയില്ല. ഇവിടെ എത്ര പാര്‍ട്ടികളുണ്ട്. ഏത് പാര്‍ട്ടിക്കും ജനാധിപത്യത്തില്‍ ഇടം ഉണ്ടാകണം. അതാണ് ജനാധിപത്യത്തിന്റെ സൌന്ദര്യം. ഈ യാഥാര്‍ഥ്യം സി.പി.എമ്മിനെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ കഴിയണം. അങ്ങനെ അംഗീകരിച്ചിരുന്നുവെങ്കില്‍ ആര്‍.എം.പി.യുടെ നേതാവ് ചന്ദ്രശേഖരനെ അവര്‍ വധിക്കുമായിരുന്നില്ല. ആ ജനാധിപത്യം ഉള്ളത്കൊണ്ടല്ലേ സി.പി.ഐ.യില്‍ നിന്ന് പിളര്‍ന്ന് വന്ന് സി.പി.എമ്മിനും പ്രവര്‍ത്തിക്കാനായത്. അത്കൊണ്ട് സി.പി.എമ്മിനെ ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയായി മെരുക്കിയെടുക്കാനും നവീകരിക്കാനും അതിനെ സ്നേഹിക്കുകയും വെറുക്കുകയും ചെയ്യുന്ന എല്ലാവരും ശബ്ദം ഉയര്‍ത്തണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു.  ഏത് ചന്ദ്രശേഖരനും രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നു എന്ന പേരില്‍ ഇനി കേരളത്തില്‍ 51 വെട്ടുകളേറ്റ് കൊല്ലപ്പെട്ടുകൂട. സി.പി.എമ്മിന്റെ പ്രാകൃതത്വത്തിന് ആ പാര്‍ട്ടി മാത്രമല്ല ഒരോ കേരളീയനും ഉത്തരവാദിയാണ്.

മാറാന്‍ സി.പി.എമ്മും മാ‍റ്റാന്‍ ജനങ്ങളും തയ്യാറെടുക്കുക. അതിനായി ജനങ്ങള്‍ ഭയം വെടിഞ്ഞ് ഉച്ചത്തില്‍ സംസാരിക്കുക. ആ സംസാരം കേട്ട് പ്രകോപിതരാകാതെ ആത്മവിമര്‍ശനത്തിന് സി.പി.എം. അണികളും നേതാക്കളും തയ്യാറാവുക.

കോണ്‍ഗ്രസ്സ് പിരിച്ചുവിട്ടിരുന്നുവെങ്കില്‍ ....

കോണ്‍ഗ്രസ്സിനെ കുറിച്ച് പറയുമ്പോള്‍ ചില കുട്ടി സഖാക്കള്‍ ഇപ്പോഴും ഉന്നയിക്കുന്ന ഒരു വാദമുണ്ട്. ഇ.എം.എസ്.നമ്പൂതിരിപ്പാടായിരുന്നു ആ വാദം സജീവമായി നിലനിര്‍ത്തിയിരുന്നത്. സ്വാതന്ത്ര്യം ലഭിച്ച ഉടനെ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സ് പിരിച്ചുവിടണം എന്ന് മഹാത്മാ ഗാന്ധിജി നിര്‍ദ്ദേശിച്ചിട്ടും കോണ്‍ഗ്രസ്സ് എന്ന പാര്‍ട്ടിയെ പിരിച്ചു വിട്ടില്ല എന്നാണ് ആ വാദം. ഗാന്ധിജി പറഞ്ഞിട്ടും എന്തേ പിരിച്ചു വിട്ടില്ല എന്നാണ് സഖാക്കള്‍ ഇപ്പോഴും ചോദിക്കുന്നത്.  ഇന്ത്യയില്‍ എത്രയോ പാര്‍ട്ടികള്‍ ഉണ്ടെങ്കിലും മറ്റൊരു പാര്‍ട്ടിയും ഇങ്ങനെയൊരു ചോദ്യം കോണ്‍ഗ്രസ്സിനോട് ചോദിച്ചിട്ടില്ല. എന്ത്കൊണ്ടാണ് കോണ്‍ഗ്രസ്സ് അന്നേ പിരിച്ച് വിടാത്തതില്‍ നമ്പൂതിരിപ്പാടിന്റെ ശിഷ്യന്മാര്‍ക്ക് ഇന്നും ഇത്ര ബേജാറ്? കോണ്‍ഗ്രസ്സ് അന്നു പിരിച്ചു വിട്ടിരുന്നുവെങ്കില്‍ രാജ്യം കുട്ടിച്ചോറായേനേ. അത് സംഭവിച്ചില്ല, അതാണ് സഖാക്കളുടെ കുണ്ഡിതം.

സ്വാതന്ത്ര്യലബ്ധിക്ക് ശേഷം കോണ്‍ഗ്രസ്സ് പിരിച്ചു വിട്ടിരുന്നുവെങ്കില്‍ അന്ന് രാജ്യം ഭരിക്കാന്‍ വേറെ ഏത് പാര്‍ട്ടിക്കായിരുന്നു കഴിയുക? ജനസംഘമോ അല്ലെങ്കില്‍ ആറെസ്സെസ്സോ ഒരുപക്ഷെ അധികാരം കരസ്ഥമാക്കിയേക്കാം. അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ ഇന്ത്യയെ അവര്‍ ഒരു ഹിന്ദു രാഷ്ട്രമാക്കിയേനേ. മുസ്ലീം വികാരം ഉയര്‍ത്തിക്കൊണ്ടുവന്ന് പാക്കിസ്ഥാന്‍ എന്നൊരു രാജ്യം നിലവില്‍ വന്നതിനാല്‍ അങ്ങനെയൊരു സാധ്യതയ്ക്ക് ഇന്ത്യയില്‍ അവസരം ഒരുങ്ങുമായിരുന്നു. കമ്മ്യൂണിസ്റ്റുകാരെ എന്തായാലും അധികാരം ഏല്പിക്കാന്‍ ജനങ്ങള്‍ മുന്നോട്ട് വരില്ലായിരുന്നു. കാരണം കമ്മ്യൂണിസ്റ്റുകള്‍ സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തത് അന്ന് ജനങ്ങള്‍ മറന്നിട്ടില്ലായിരുന്നു.  സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ ഏറ്റവും നിര്‍ണ്ണായകമായ ഒരു ഘട്ടമായിരുന്നു ക്വിറ്റ് ഇന്ത്യാ സമരം.

ആ സമരത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ ബ്രിട്ടന്റെ കൂടെ ചേരുകയും കോണ്‍ഗ്രസ്സിന്റെ സമര ഭടന്മാരെ ബ്രിട്ടീഷ് പട്ടാളത്തിന് കാട്ടിക്കൊടുക്കുകയും ചെയ്തുകൊണ്ടിരുന്നു. അങ്ങനെ രാജ്യദ്രോഹികള്‍ എന്ന ലേബല്‍ പതിഞ്ഞ ഒരു പാര്‍ട്ടിയെ ആരെങ്കിലും അധികാരം ഏല്പിക്കുമോ? മാത്രമല്ല, 1947 ആഗസ്റ്റ് 15ന് ഇന്ത്യന്‍ ജനത സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അന്നു കരിദിനമായാണ് ആചരിച്ചത്. അത് മറ്റൊരു വഞ്ചനയുടെ ചരിത്രം. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല എന്നും ബ്രിട്ടന്റെ ബൂര്‍ഷ്വാസി ഇന്ത്യന്‍ ബൂര്‍ഷ്വാസിക്ക് അധികാരം ഏല്‍പ്പിച്ചത് മാത്രമാണ് നടന്നിട്ടുള്ളത് എന്നുമാണ് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ അന്നു അണികളെ ധരിപ്പിച്ചത്. അങ്ങനെ സ്വതന്ത്ര ഇന്ത്യയില്‍ ജനങ്ങള്‍ ഒന്നടങ്കം ത്രിവര്‍ണ്ണ പതാക പാറിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റുകള്‍ കറുപ്പ് കൊടി ഉയര്‍ത്തി പ്രതിഷേധിച്ചു.

മാത്രമല്ല, ഒരു കൊല്ലം കഴിയുന്നതിന് മുന്നെ 1948ല്‍ കമ്മ്യൂണിസ്റ്റുകള്‍ ഇന്ത്യയില്‍ സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്തു. ഇന്ത്യന്‍ ബൂര്‍ഷ്വാസിയില്‍ നിന്ന് അധികാരം പിടിച്ചു പറ്റാന്‍ കൈയ്യില്‍ കിട്ടിയ ആയുധവുമായി തെരുവിലിറങ്ങാന്‍ അണികളോട് നിര്‍ദ്ദേശിച്ചു. കല്‍ക്കത്താ തീസീസ് എന്നാണ് ആ ആഹ്വാനം അറിയപ്പെടുന്നത്.  കോണ്‍ഗ്രസ്സ് പിരിച്ചുവിട്ട് രാജ്യത്ത് അരാജകത്വം നടമാടിയിരുന്നുവെങ്കില്‍ അന്നേ തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം സ്ഥാപിച്ചേനേ എന്ന സങ്കടവും കമ്മ്യൂണിസ്റ്റുകള്‍ക്ക് ഇപ്പോഴുമുണ്ടാവാം.  വാരിക്കുന്തവുമായി സഖാക്കള്‍ രാജ്യം പിടിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ഇന്ത്യാ ഗവണ്മേണ്ട് നിരോധിച്ചു. നേതാക്കളെല്ലാം ഒളിവില്‍ പോയി. അതാണ് ഇപ്പോഴും ചിലര്‍ അയവിറക്കുന്ന ഒളിവിലെ ഓര്‍മ്മകളുടെ പുരാണം.

ഞാന്‍ പറഞ്ഞുവരുന്നത് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പേ തന്നെ രാജ്യം കുട്ടിച്ചോറാകണം എന്നാഗ്രഹിച്ചവരാണ് കമ്മ്യൂണിസ്റ്റുകാര്‍. അത് ഇന്നോളം ആയില്ല. അത്കൊണ്ടാണ്, യാതൊരു യുക്തിയും ഇല്ലെങ്കിലും എന്തേ കോണ്‍ഗ്രസ്സ് പിരിച്ചു വിടാത്തേ എന്ന് ഇന്നും ചോദിക്കുന്നത്. എന്തെങ്കിലും ചെയ്യുന്നെങ്കില്‍ അത് നമ്മള്‍ മാത്രമേ ചെയ്യാവൂ, മറ്റാരും ചെയ്യരുത് അഥവാ ചെയ്യാന്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ കുട്ടിച്ചോറാക്കും എന്നതാണ് കമ്മ്യൂണിസ്റ്റുകാരുടെ മനോഭാവം. അത്കൊണ്ടാണ് ജനാധിപത്യബോധം ഇന്നും അവര്‍ക്ക് ഏശാത്തത്.

അതിരിക്കട്ടെ, എന്ത്കൊണ്ടാണ് 1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ ബ്രിട്ടന്റെ കൂടെ ചേര്‍ന്നതും കോണ്‍ഗ്രസ്സിനെ ഒറ്റ് കൊടുത്തതും? അതാണ് ബഹുതമാശ.  1939 ലാണല്ലൊ രണ്ടാം ലോക മഹായുദ്ധത്തിന്റെ ആരംഭം. 45ല്‍ ആണത് പര്യവസാനിക്കുന്നത്.  നാസി ജര്‍മ്മനിയും  ജാപ്പാനും മുസ്സോളിനിയുടെ ഇറ്റലിയും ഒരു ഭാഗത്തും അമേരിക്കയും ബ്രിട്ടനും മറുഭാഗത്തും ആയി രണ്ട് ചേരികളാണ് യുദ്ധത്തില്‍ അണിനിരന്നത്. തുടക്കത്തില്‍ സോവിയറ്റ് യൂനിയന്‍ യുദ്ധത്തില്‍ കക്ഷി ചേര്‍ന്നിരുന്നില്ല. മാത്രമല്ല, സ്റ്റാലിനും ജര്‍മ്മനിയുടെ ചാന്‍സലര്‍ ഹിറ്റ്ലറുമായി ഒരു അനാക്രമണ സന്ധിയില്‍ ഒപ്പ് വെച്ചിരുന്നു. നമ്മള്‍ പരസ്പരം ആക്രമണം വേണ്ട എന്നതാണ് ആ ഉടമ്പടി.

യുദ്ധം തുടരുന്നതിനിടയില്‍ റഷ്യയുടെ സഖ്യകക്ഷി ആയിരുന്ന പോളണ്ടിനെ ജര്‍മ്മന്‍ സേന ആക്രമിച്ചു. അങ്ങനെ റഷ്യയും യുദ്ധത്തില്‍ എടുത്തുചാടി. സ്റ്റാലിന്‍ അമേരിക്കയും ബ്രിട്ടനും നയിക്കുന്ന സഖ്യകക്ഷിയില്‍ ചേര്‍ന്നു. അങ്ങനെ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബ്രിട്ടന്റെ കൂടെ ചേര്‍ന്നപ്പോള്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും ബ്രിട്ടനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും ബ്രിട്ടന്റെ ശത്രുവായ കോണ്‍ഗ്രസ്സിനെ ശത്രുവായി കാണുകയും ചെയ്തു. കോണ്‍ഗ്രസ്സ് ആണെങ്കില്‍ ഈ സമയം സമരം ശക്തിപ്പെടുത്തി ബ്രിട്ടനെ ഇന്ത്യയില്‍ നിന്ന് കെട്ട് കെട്ടിക്കാനാണ് തീരുമാനമെടുത്തത്.  എന്തായാലും 45ല്‍ രണ്ടാം ലോക മഹായുദ്ധം അവസാനിക്കുകയും അമേരിക്ക നേതൃത്വം നല്‍കിയ, സോവിയറ്റ് യൂനിയനും ബ്രിട്ടനും പങ്കാളികളായിരുന്ന സഖ്യകക്ഷികള്‍ ജയിക്കുകയും ചെയ്തു.  അന്ന് ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റ് കൊടുത്ത് ബ്രിട്ടന്റെ കൂടെ കൂടുകയും 47 ആഗസ്റ്റ് 15ന് കരിദിനം ആചരിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റുകാര്‍ പിന്നീട് അവകാശപ്പെട്ടത് സോവിയറ്റ് യൂനിയന്‍ സഹായിച്ചത് കൊണ്ടാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് എന്നായിരുന്നു. യജമാനഭക്തി എന്നല്ലാതെ എന്ത് പറയാന്‍!

സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം നാഷനല്‍ കോണ്‍ഗ്രസ്സിന്റെ കൈയ്യില്‍ ഇന്ത്യയുടെ ഭരണാധികാരം കിട്ടിയത്കൊണ്ടാ‍ണ് നാം ഇന്ന് കാണുന്ന മതേതര-ജനാധിപത്യ ഇന്ത്യ നിലവില്‍ വരാന്‍ കാരണം. കോണ്‍ഗ്രസ്സിന് പകരം ജനസംഘമായിരുന്നെങ്കിലോ, ഇന്ത്യയില്‍ മത ന്യൂനപക്ഷങ്ങളുടെ ഗതി എന്തായിരുന്നിരിക്കും?  സ്വാതന്ത്ര്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിന് ലഭിക്കുകയോ അല്ലെങ്കില്‍ 48ലെ കല്‍ക്കത്താ തീസീസ് വിജയിക്കുകയോ ചെയ്തിരുന്നുവെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ? കമ്മ്യൂണിസ്റ്റ്കാര്‍ അല്ലാത്തവരെ മൊത്തം ഉന്മൂലനം ചെയ്ത് ഇവിടെ പാര്‍ട്ടിരാജ്യം സ്ഥാപിച്ചിരിക്കും.

അത്കൊണ്ട്, ഗാന്ധിജി പറഞ്ഞിട്ടും കോണ്‍ഗ്രസ്സ് പിരിച്ചു വിട്ടില്ലല്ലോ എന്ന് ഇന്നും കമ്മ്യൂണിസ്റ്റുകാര്‍ പരിതപിക്കാന്‍ കാരണം ഞങ്ങള്‍ക്ക് അധികാരം പിടിച്ചുപറ്റാന്‍ കഴിഞ്ഞില്ലല്ലൊ എന്നും എന്നിട്ടും ഇക്കണ്ട പുരോഗതി രാജ്യം ആര്‍ജ്ജിച്ചല്ലോ എന്നുമുള്ള സങ്കടം നിമിത്തമാണ്.  കോണ്‍ഗ്രസ്സ് എന്ന സംഘടന അന്നു പിരിച്ചു വിട്ടിരുന്നുവെങ്കില്‍ ഇന്ത്യ ഇന്ന് കാണുന്ന രൂപത്തില്‍ ഉണ്ടാകുമായിരുന്നില്ല എന്ന് ഏത് കുട്ടിക്കും അറിയാമായിരിക്കെ,  പിരിച്ചുവിടാത്തതില്‍ കുണ്ഡിതപ്പെടുന്ന കമ്മ്യൂണിസ്റ്റുകാരന്റെ ചോദ്യത്തിന് മറ്റൊരു അര്‍ത്ഥമില്ല. ഇന്നും ഇന്ത്യയില്‍ കോണ്‍ഗ്രസ്സ് പിരിച്ചുവിടപ്പെട്ടാല്‍ രാജ്യം അനാഥമാകും എന്നതാണ് അവസ്ഥ. അപ്പോള്‍ അന്നോ? ചിന്തിക്കണം സുഹൃത്തുക്കളേ .......